പശുക്കടത്താരോപിച്ച് കൊല: ഗുരുതരമായി പരിക്കേറ്റ ഇരയെ വണ്ടിയിലിരുത്തി പൊലീസ് ചായ കുടിക്കാന്‍ കയറി

ദില്ലി: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന അക്ബര്‍ ഖാന് സാരമയി പരിക്കേറ്റിട്ടും പൊലീസുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കാതെ അലംഭാവം കാണിച്ചെന്ന് റിപ്പോര്‍ട്ട്. എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രിയിലെത്തിക്കാന്‍ അക്ബറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. നാല് മണിക്കൂറോളം വൈകിയെത്തിയതാണ് ഇയാളുടെ മരണത്തിന് ആക്കം കൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അക്ബറിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ പിടിച്ചെടുത്ത പശുക്കളെ പൊലീസുകാര്‍ ഗോശാലയിലേക്ക് എത്തിച്ചിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ പൊലീസുകാര്‍ ചായകുടിച്ച് വിശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രിയിലെത്തിച്ച അക്ബര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് അക്ബര്‍ മരിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 

12.41ന് തന്നെ പൊലീസിന് ആക്രമണം നടക്കുന്ന വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തിയത് 1.20നാണ്. രക്തത്തില്‍ കുളിച്ച് കിടന്ന അക്ബറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപി നേതാവ് കിഷോര്‍ എന്നയാളുടെ വീട്ടിലേക്കാണ് പൊലീസ് പോയത്. കിഷോറിന്‍റെ സഹായത്തോടെ പശുക്കളെ ഗോശാലയിലേക്ക് മാറ്റാനുള്ള നടപടികളെടുത്തു. ഇതിനിടെ പൊലീസ് വാഹനത്തില്‍ അവര്‍ ആരെയോ മര്‍ദ്ദിക്കുന്നത് കണ്ടതായി കിഷോറിന്‍റെ ബന്ധുവായ മായ എന്ന യുവതി എന്‍ഡിടിവിയോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് ശേഷം പൊലീസ് ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. തുടര്‍ന്ന് പശുക്കളുമായി വരുന്ന വണ്ടിക്കായി പൊലീസ് സംഘം കാത്തിരുന്നു. നാല് കപ്പ് ചായ കുടിച്ചതായി ചായക്കടക്കാരന്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് പരിക്കേറ്റ അക്ബറിനെ വണ്ടിയിലിരുത്തി, പശുക്കളെ കൊണ്ടുപോയ വണ്ടിക്ക് പിന്നാലെ ഗോശാലയിലെത്തി അവിടെ പശുക്കളെ സുരക്ഷിതമായി ഇറക്കി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് അക്ബറിനെയുംകൊണ്ട് ആശുത്രിയിലേക്ക് പോയത്. ആശുപത്രി രജിസ്റ്റര്‍ പ്രകാരം നാലുമണിക്കാണ് പൊലീസ് അക്ബറിനെ എത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഹരിയാന സ്വദേശിയാണ് കൊല്ലപ്പെട്ട അക്ബര്‍.