ദില്ലി: മുത്തലാഖ് കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയും. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നും മുസ്ലീം വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ മുത്തലാഖിനെതിരെയുള്ള വികാരം ഉണ്ടാകേണ്ടത് സമുദായത്തിന് അകത്ത് നിന്നാണെന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്‍റെ നിലപാട്.

മുത്തലഖ് ഭരണഘടനവിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സ്വദേശി സൈറാബാനു നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് വിധി പറയുക. രണ്ടാഴ്ചയിലധികം നീണ്ടുനിന്ന വാദം കേള്‍ക്കലിനിടയില്‍ മുത്തലഖിനെതിരെ നിരവധി പരാമര്‍ശങ്ങള്‍ സുപ്രീംകോടതി നടത്തിയിരുന്നു. മുത്തലാഖ് റദ്ദാക്കേണ്ടതാണെന്ന വാദമാണ് കേന്ദ്ര സര്‍ക്കാരും മുന്നോട്ടുവെച്ചത്. മുത്തലാഖ് റദ്ദാക്കുകയാണെങ്കില്‍ മുസ്ലീം സമുദായത്തിലെ വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കുകയും ചെയ്തു.

അതേസമയം, പുതിയ നിയമത്തിന്റെ സാധ്യതയെയും സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. 1400 വര്‍ഷമായി മുസ്ലീം സമുദായം തുടരുന്ന ഒരു വിശ്വാസത്തെ കോടതിക്ക് ഇല്ലാതാക്കാനാകില്ലെന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് മുന്നോട്ടുവെച്ചത്. പിന്നീട് ആ നിലപാട് മയപ്പെടുത്തിയ ബോര്‍ഡ് മുത്തലാഖ് പാപമാണെങ്കില്‍ തന്നെ അത് റദ്ദാക്കേണ്ടത കോടതിയല്ല, മറിച്ച് സമുദായത്തിന് ഉള്ളില്‍ നിന്നുതന്നെയാണ് അതിനുള്ള വികാരം ഉണ്ടാകേണ്ടതെന്നും വ്യക്തമാക്കി.

വിവാഹസമയത്ത് തന്നെ മുത്തലാഖ് അംഗീകരിക്കാനാകില്ലെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്ക് നല്‍കിക്കൂടേ എന്ന ചോദ്യം കോടതി ഉയര്‍ത്തിയിരുന്നു. അത് അംഗീകരിക്കാവുന്ന നിര്‍ദ്ദേശമാണെന്ന് കോടതിയില്‍ സമ്മതിച്ച വ്യക്തിനിയമ ബോര്‍ഡ് ഇക്കാര്യത്തിലുള്ള സന്ദേശം എല്ലാ പുരോഹിതന്മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അറിയിച്ചിരുന്നു. എന്തായാലും കേസില്‍ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും.