ചർച്ച പരിപൂർണ്ണ ഫലപ്രാപ്തിയിലെത്തുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ പതിനേഴ് വർഷമായി തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും തയ്യാറായേക്കും. 

ഖത്ത‌ർ: അമേരിക്ക-താലിബാൻ സമാധാന ചർച്ചകൾ ഫലം കാണുന്നതായി സൂചന. ആറ് ദിവസമായി ഖത്തറിൽ തുടരുന്ന മാരത്തോൺ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രതിനിധി സൽമീ ഖലീൽസാദ് ട്വീറ്റ് ചെയ്തു
ഇത്തവണത്ത ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും ചില വിഷയങ്ങളിൽ അഭിപ്രായ വ്യതാസമുണ്ടെങ്കിലും അവയെല്ലാം ഉടൻ പരിഹരിക്കുമെന്നും ചർച്ചകൾക്ക് നേതൃത്വം നൽകുന്ന സൽമീ ഖലീൽസാദ് ട്വീറ്ററിലൂടെ പറഞ്ഞു.

ചർച്ച പരിപൂർണ്ണ ഫലപ്രാപ്തിയിലെത്തുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിൽ പതിനേഴ് വർഷമായി തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും തയ്യാറായേക്കും. സൈനിക പിന്മാറ്റമുണ്ടായാൽ അഫ്ഗാൻ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കമെന്ന് താലിബാനും ഉറപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവർക്കുമിടയിൽ സമാധാന കരാറിന്‍റെ കരട് രൂപം തയ്യാറായതായും റിപ്പോർട്ടുണ്ട്.

കരാർ ഒപ്പിട്ടാൽ 18 മാസത്തിനകം പരിപൂർണ സൈനിക പിന്മാറ്റം ഉറപ്പു വരുത്തണമെന്ന് താലിബാൻ ആവശ്യപ്പെട്ടതായാണ് സൂചന. തടങ്കലിൽ ഉള്ളവരെ കൈമാറുക, താലിബാൻ നേതാക്കളുടെ യാത്രാ വിലക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങളും താലിബാൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.