ദില്ലി: പിടികൊടുക്കാതെ പൊലീസിനെ ചുറ്റിച്ച മോഷണ സംഘാംഗത്തെ വലയിൽ വീഴ്ത്താൻ ഒടുവിൽ ദക്ഷിണേന്ത്യൻ താരസുന്ദരി നയൻതാര തന്നെ വേണ്ടിവന്നു. നയൻതാരയുടെ ‘വേഷം കെട്ടി’ ഇറങ്ങിയ വനിതാ പൊലീസ് ഒാഫീസർക്ക് മുന്നിൽ സർവവും സമർപ്പിച്ച് മോഷ്ടാവ് കീഴടങ്ങിയതോടെ തലവേദന ഒഴിഞ്ഞ ആശ്വാസത്തിലാണ് ബീഹാർ പൊലീസ്.
പാറ്റ്നയിൽ നിന്ന് 150 കിലോമീറ്റർ അകലെ ദർഭംഗ ജില്ലയിലെ ബി.ജെ.പി നേതാവ് സഞ്ജയ്കുമാർ മഹതോയുടെ വിലകൂടിയ മൊബൈൽ കവർന്ന മോഷ്ഠാവിനെയാണ് നയൻതാരയിലൂടെ പൊലീസ് പിടികൂടിയത്. മൊബെൽ മോഷണം സംബന്ധിച്ച് അസി.സബ് ഇൻസ്പെക്ടർ മധുബാല ദേവിക്ക് പരാതി നൽകിയിരുന്നു.
മുഹമ്മദ് ഹസ്നൈൻ എന്നയാളാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കോൾ വിവരങ്ങൾ പരിശോധിച്ച പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ കുരുക്കാൻ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതോടെ പൊലീസ് തന്ത്രം മാറ്റി. പൊലീസ് ഒാഫീസർ ആയ മധുബാല തന്നെ കെണിയൊരുക്കി. ഹസനൈനുമായി ഫോണിൽ പ്രണയാഭ്യർഥന നടത്തിയായിരുന്നു ഇത്.
ദിവസവും ഇടവേളകളിൽ പൊലീസ് ഒാഫീസർ പ്രണയമാണെന്ന വ്യാജേന മോഷ്ഠാവിനെ വിളിക്കാൻ തുടങ്ങി. ആദ്യമൊന്നും താൽപര്യം കാണിക്കാതിരുന്ന ഹസനൈൻ പതിയെ തന്ത്രത്തിൽ വീണു. പ്രണയിക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ വേണമെന്നായി ഹസനൈൻ. മധുബാലയാകട്ടെ തന്‍റെ മൊബൈൽ ഫോൺ പ്രൊഫൈൽ പിക്ചറായി നയൻതാരയുടെ ചിത്രം ഉപയോഗിച്ചു.
ചിത്രം കണ്ടുമതിമറന്ന ഹസനൈന് ‘കാമുകി’യെ നേരിട്ട് കാണാൻ ധൃതിയായി. ദർഭംഗ സിറ്റിയിലെ ഒരിടത്ത് വെച്ച് കാണാമെന്ന് ഇരുവരും ധാരണയായി. നിശ്ചയിച്ച സ്ഥലത്ത് ഹസനൈൻ എത്തിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മധുബാലയാകട്ടെ സ്ഥലത്തെത്തിയത് ബുർഖ ധരിച്ചുകൊണ്ടായിരുന്നു. അതിനാൽ ഇവരെ തിരിച്ചറിയാൻ ഹസനൈന് കഴിഞ്ഞതുമില്ല. സ്ഥലത്ത് വേഷം മാറി എത്തിയ മറ്റ് പൊലീസുകാരുടെ സഹായത്തോടെ ഹസനൈനെ കീഴടക്കുകയായിരുന്നു. എന്നാൽ മൊബൈൽ ഫോൺ താൻ മറ്റൊരു കുറ്റവാളിയിൽ നിന്ന് 4500 രൂപക്ക് വാങ്ങിയതാണെന്ന് ഹസനൈൻ പറഞ്ഞു. ഇയാൾ നൽകിയ വിവരം അനുസരിച്ച് മൊബൈൽ വിറ്റയാൾ എന്ന് കരുതുന്നയാളെയും പൊലീസ് പിടികൂടി. കേസന്വേഷണത്തിലെ ബുദ്ധിസാമർഥ്യത്തിന് ബീഹാർ പൊലീസ് മധുബാല ദേവിക്ക് ബഹുമതിയും പ്രഖ്യാപിച്ചു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
