ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണപ്രതിസന്ധി തുടരുന്നു. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിർത്തി, പ്രധാനവകുപ്പുകൾ മുതിർന്ന മന്ത്രിമാർക്ക് കൈമാറാനാണ് നീക്കമെങ്കിലും പാർട്ടിയിൽ ഇക്കാര്യത്തിൽ സമവായമായില്ല. കാവേരി മാനേജ്മെന്‍റ് ബോർഡ് നാളെ തമിഴ്നാട് സന്ദർശിയ്ക്കാനിരിയ്ക്കെ കടുത്ത ആശയക്കുഴപ്പമാണ് ഭരണതലത്തിൽ പ്രകടമാകുന്നത്.
കാവേരിനദീജലത്തർക്കം സംബന്ധിച്ച് പഠിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിയ്ക്കുന്നതിനായിട്ടാണ് കാവേരി മാനേജ്മെന്‍റ് ബോർഡ് നാളെ തമിഴ്നാട് സന്ദർശിക്കുന്നത്. കർണാടകത്തിൽ സന്ദർശനം പൂർത്തിയാക്കിയ ബോർഡ് അംഗങ്ങൾ മേട്ടൂർ അണക്കെട്ട് ഉൾപ്പടെയുള്ള കാവേരിനദീതടപ്രദേശങ്ങളിൽ നാളെ സന്ദർശനം നടത്തും. എന്നാൽ ബോർഡിനു മുൻപിൽ തമിഴ്നാടിന്‍റെ നിലപാട് വ്യക്തമാക്കുന്ന കാര്യത്തിൽ കടുത്ത ആശയക്കുഴപ്പമാണ് ഭരണതലത്തിൽ നിലനിൽക്കുന്നതെന്നാണ് സൂചന.
ജലസേചനവകുപ്പ് മന്ത്രി എടപ്പടി കെ പളനിസാമിയുൾപ്പടെയുള്ളവരാകും ബോർഡ് അംഗങ്ങളെ അനുഗമിയ്ക്കുക. ജയലളിതയെ മുഖ്യമന്ത്രിയാക്കി നിലനിർത്തി അവർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറുന്ന കാര്യത്തിൽ ഇതുവരെ പാർട്ടിയിൽ സമവായമായിട്ടില്ല. ഉപമുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, ജയലളിതയുടെ വിശ്വസ്തൻ ഒ പനീർ ശെൽവം എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നെങ്കിലും ജയലളിതയുടെ അംഗീകാരമില്ലാതെ ഇക്കാര്യത്തിൽ എഐഎഡിഎംകെയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. എന്നാൽ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ലെന്ന് തന്നെയാണ് പാർട്ടിയുടെ ഔദ്യോഗികഭാഷ്യം.
ഇതിനിടെ എംഡിഎംകെ നേതാവ് വൈകോ, സിപിഎം സംസ്ഥാനസെക്രട്ടറി ജി രാമകൃഷ്ണൻ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി. ആശുപത്രിയിൽ നിന്ന് വൈകോ രാജ്ഭവനിലെത്തി ഗവർണറെ കണ്ടതും ശ്രദ്ധേയമാണ്.
