ഹിന്ദു വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തി തമിഴ്നാട് സര്‍ക്കാറിന്റെ ആഭ്യന്തര സര്‍ക്കുലര്‍

First Published 13, Mar 2018, 3:55 PM IST
Tamil Nadu amends hindu marriage act issuing secret circular
Highlights

രഹസ്യമായി വിവാഹം കഴിക്കാന്‍ വരുന്ന കമിതാക്കള്‍ക്ക് ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധ്യമാകണമെന്നില്ല. അന്യജാതിവിവാഹങ്ങള്‍ തടയുവാനുള്ള രഹസ്യനീക്കമാണ് ഇതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ചെന്നൈ: അന്യജാതി വിവാഹങ്ങള്‍ തടയാന്‍ ഹിന്ദു വിവാഹനിയമത്തില്‍ മാറ്റം വരുത്തി തമിഴ്നാട് സര്‍ക്കാറിന്റെ ആഭ്യന്തര സര്‍ക്കുലര്‍. പുതിയ നിബന്ധനകള്‍ അനുസരിച്ച് രക്ഷിതാക്കളുടെ അറിവോടെ മാത്രമെ വിവാഹ രജിസ്‍ട്രേഷന്‍ സാധ്യമാകൂ എന്ന് ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27 നാണ് രജിസ്‍ട്രേഷന്‍ വകുപ്പ് ഐജിയുടെ രഹസ്യ ആഭ്യന്തരസര്‍ക്കുലര്‍ പുറത്തിറങ്ങിയത്. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചില നിബന്ധനകള്‍ മുന്നോട്ടുവക്കുന്നതായിരുന്നു സര്‍ക്കുലര്‍. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം, രജിസ്റ്ററില്‍ നല്‍കുന്ന രക്ഷിതാക്കളുടെ പേരും വിലാസവും  ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ രേഖകള്‍ ഹാജരാക്കണം, രക്ഷിതാക്കളില്‍ ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കില്‍ അവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റും കൈവശം വയ്‌ക്കണം.

ഇത് സാധാരണ വ്യവസ്ഥകളല്ലേ എന്ന് തോന്നുമെങ്കിലും രഹസ്യമായി വിവാഹം കഴിക്കാന്‍ വരുന്ന കമിതാക്കള്‍ക്ക് ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ സാധ്യമാകണമെന്നില്ല. അന്യജാതിവിവാഹങ്ങള്‍ തടയുവാനുള്ള രഹസ്യനീക്കമാണ് ഇതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഒബിസി- എസ് സി വിവാഹങ്ങള്‍ തമിഴ്നാട്ടില്‍ വലിയ വിവാദങ്ങളും കലാപങ്ങളുമാണ് സൃഷ്‌ടിക്കുന്നത്.മധുരയിലെ കൗസല്യ ശങ്കര്‍ വിവാഹവും, ധര്‍മപുരിയിലെ ഇളവരശന്‍ - ദിവ്യ വിവാഹവും സമീപകാലത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ശങ്കറിനെ കൗസല്യയുടെ രക്ഷിതാക്കള്‍ കൊന്നപ്പോള്‍, ഇളവരശനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജാതി മാഫിയയെ ഭയപ്പെടുന്ന തമിഴ് രാഷ്‌ട്രീയത്തില്‍ പുതിയ ഭേദഗതികള്‍ ഇതുവരെ ചര്‍ച്ചയായിട്ടില്ല. ഫേസ്‌ബുക്കിലൂടെ കനിമൊഴി മാത്രമാണ് ഭേദഗതിക്കെതിരെ ഇതുവരെ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.

loader