ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകര്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിനായി ദില്ലി ജന്ദര്‍മന്ദിറില്‍ സമരം തടരുന്നതിനിടെ എംഎൽഎമാരുടെ ശമ്പളം 100 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനം തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. പ്രതിമാസ ശമ്പളത്തിൽ ഏകദേശം ഒരു ലക്ഷയോളം രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്.

55,000 രൂപ ആയിരുന്ന എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷത്തി അയ്യായിരമായി ഉയർത്തിയതായി മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയാണ് സഭയിൽ അറിയിച്ചത്. ശമ്പളത്തിന് പുറമെ പെൻഷനും വർദ്ധിപ്പിച്ചിട്ടുണ്ട്. 12,000 രൂപയിൽ 20,00 രൂപയായാണ് പെൻഷൻ തുക വർദ്ധിപ്പിച്ചിരിക്കുന്നത്. എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടും വർദ്ധിപ്പിച്ചിട്ടുണ്ട്. 2 കോടിയിൽ നിന്ന് 2.5 കോടിയായാണ് എംഎൽഎമാരുടെ വിഹിതം വർദ്ധിപ്പിച്ചത്. 

മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് തുടങ്ങിവർക്കുളള പ്രത്യേക അലവൻസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ശമ്പള-പെൻഷൻ വർദ്ധന ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ മാധ്യമപ്രവര്‍ത്തകരുടെ പെൻഷന്‍ 8000 രൂപയിൽ 10000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും വരള്‍ച്ചാ ദുരതിാശ്വാസം നല്‍കണമെന്നും ആവശ്യപ്പെട്ട് മാസങ്ങളായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ദില്ലി ജന്ദര്‍ മന്ദിറില്‍ സമരം തുടരുന്നതിനിടെയാണ് എംഎല്‍എമാരുടെ ശമ്പളം ഒറ്റയടിക്ക് 100 ശതമാനം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം വന്നിരിക്കുന്നത്.