ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധിക്ക് ഇന്ന് ആറാം ദിനം. ഗവര്‍ണറുടെ നിലപാടിനെതിരെ ശശികല പക്ഷം പ്രത്യക്ഷ സമരപരിപാടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. എംഎല്‍എമാരെ കാണാനില്ലെന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയേക്കും. എന്നാല്‍ സംസ്ഥാനത്ത് ഭരണ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവര്‍ണര്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് ഇരുപക്ഷവും കരുതുന്നത്.

കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയ ശശികല ഏറെ വികാരാധീനയായാണ് സംസാരിച്ചത്. സത്യം തെളിയുമെന്നും താന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും ശശികല അവര്‍ത്തിച്ചു. എന്നാല്‍ ഗവര്‍ണറുടെ നിലപാടിനെതിരെ നിരാഹര സമരമടക്കമുള്ള പ്രത്യക്ഷ സമര പരിപാടികളെപ്പറ്റി മിണ്ടിയില്ല. ഇക്കാര്യത്തില്‍ ശശികല കാമ്പില്‍ തന്നെ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന.

ഇക്കാര്യത്തില്‍ ശശികല പക്ഷം ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഭരണ അനിശ്ചിതത്വത്തില്‍ ഗവര്‍ണര്‍ക്ക് ഇനി മിണ്ടാതിരിക്കാനാവില്ലെന്താണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഒന്നുകില്‍ പനീര്‍ശെല്‍വത്തോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ ശശികലയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാം. പക്ഷേ ഗവര്‍ണര്‍ കാര്യങ്ങള്‍ വൈകിക്കുന്നത് കൂടുതല്‍ നിയമക്കുരുക്കിന് ഇടയാക്കുമെന്നും കരുതപ്പെടുന്നു.