പനീര്‍ശെല്‍വത്തെ രാജിവെപ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ശശികല അവകാശവാദം ഉന്നയിച്ചപ്പോള്‍ അനധികൃത സ്വത്ത് കേസിലെ സുപ്രീംകോടതി വിധി വരട്ടെയെന്നായിരുന്നു ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്റെ നിലപാട്. നിയമനടപടി നേരിടുന്ന ശശികലയ്ക്ക് സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിയ്ക്കാനാകുമോ എന്ന് സംശയമാണെന്ന് അന്ന് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി. 

2001 ല്‍ അഴിമതിക്കേസില്‍ കുടുങ്ങിയ ജയലളിതയെ സത്യപ്രതിജ്ഞ ചെയ്യാനനുവദിച്ചതിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയും പിന്നീട് രാജിവെയ്ക്കുകയും ചെയ്യേണ്ടി വന്ന അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ചരിത്രവും ഗവര്‍ണര്‍ക്ക് മുന്നിലുണ്ടായിരുന്നു. എന്നാലിപ്പോള്‍ ശശികല ജയിലിലായ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഇനിയെന്തിനാണ് കാത്തിരിയ്ക്കുന്നത് എന്ന ചോദ്യമാണുയരുന്നത്. 

അണ്ണാ ഡിഎംകെ യിലെ 124 എംഎല്‍എമാരുടെ പിന്തുണയുള്ള കത്തുമായാണ് ഗവര്‍ണറെ കണ്ടതെന്ന് ശശികല പക്ഷം പറയുന്നു. ഇനിയും സത്യപ്രതിജ്ഞ നടത്താന്‍ വൈകുന്നത് അനീതിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശശികല ജയിലിലാകുന്നതോടെ ഒരു വലിയ വിഭാഗം എംഎല്‍എമാര്‍ തന്റെകൂടെ വരുമെന്ന ഒ പനീര്‍ശെല്‍വത്തിന്റെ പ്രതീക്ഷ കുറഞ്ഞു. നിലവില്‍ എടപ്പാടിയ്ക്ക് 124 പേരുടെയും, ഒപിഎസ്സിന് പത്ത് എംഎല്‍എമാരുടെയും പിന്തുണയാണുള്ളത്. 

ഡിഎംകെയുമായി സഖ്യം ചേര്‍ന്നുള്ള സര്‍ക്കാരിനെക്കുറിച്ച് ഒപിഎസ്സ് ആലോചിക്കുന്നതേയില്ല. 124ല്‍ നിന്ന് എട്ട് എംഎല്‍എമാരെകൂടി ഒപിഎസിന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ 117 എന്ന മാന്ത്രിക സഖ്യ കടക്കാന്‍ ശശികല പക്ഷത്തിന് കഴിയില്ല. അതോടെ എടപ്പാടിയുടെ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശം പൊളിയും. അങ്ങനെയെങ്കില്‍ 2008 ല്‍ ഉത്തര്‍പ്രദേശില്‍ നടന്നതു പോലെ രണ്ട് പക്ഷത്തിനും ഒരേ തരത്തില്‍ അവസരം നല്‍കിക്കൊണ്ട് ഒരു വിശ്വാസവോട്ടെടുപ്പിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്നതാണ് നിര്‍ണായകം.