ചെന്നൈ: വീണ്ടും ദ്രാവിഡരാഷ്ട്രീയത്തിൽ ഒരു താരം കൂടി ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ്. ജയലളിതയും കരുണാനിധിയുമില്ലാത്ത തമിഴ്നാട് രാഷ്ട്രീയത്തിൽ ദ്രാവിഡപാർട്ടികൾക്കൊപ്പം കമൽഹാസനുൾപ്പടെയുള്ള താരങ്ങളും രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം ഉറ്റുനോക്കുന്നുണ്ട്. അഴിമതിയാരോപണങ്ങളിൽ മുങ്ങിക്കുളിച്ച ജയലളിതക്കെതിരെ 1996ൽ രജനീകാന്ത് നടത്തിയ പ്രസ്താവന സഹായിച്ചത് ഡിഎംകെയെയാണ്.
തെരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരി. കൃഷ്ണഗിരിയിൽ നിന്ന് മത്സരിച്ച ജയലളിത ദയനീയമായി തോറ്റു. അന്ന് കോൺഗ്രസ് അനുഭാവിയായിരുന്ന രജനി 2002 ഓടെ നിഷ്പക്ഷനായി. നദികളുടെ സംയോജനത്തിന് ഒരു കോടി രൂപ നൽകുമെന്നും കർഷകർക്കായി സമരം നടത്തുമെന്നൊക്കെയുള്ള രജനിയുടെ അന്നത്തെ പ്രഖ്യാപനം വെള്ളത്തിൽ വരച്ച വരയായി.
പിന്നീട് 2004 ൽ എൻഡിഎയോട് കൂറ് പ്രഖ്യാപിച്ച രജനി 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയെ നേരിട്ട് കണ്ട് തന്‍റെ രാഷ്ട്രീയനിലപാട് വ്യക്തമാക്കി. നോട്ട് നിരോധനത്തിലുൾപ്പടെ മോദിയ്ക്ക് പൂർണപിന്തുണ നൽകിയ രജനിക്ക് ബിജെപിയുടെ നിശബ്ദ പിന്തുണയുണ്ടാകുമെന്നാണ് സൂചന. തകർച്ചയുടെ വക്കിലുള്ള അണ്ണാ ഡിഎംകെ, അടുത്ത തവണ അധികാരം സ്വപ്നം കാണുന്ന ഡിഎംകെ, കിങ് മേക്കറായി ഉയർന്നുവന്ന ടിടിവി ദിനകരൻ എന്നിവരെയൊക്കെ മറികടന്ന് വേണം രജനിക്ക് രാഷ്ട്രീയത്തിൽ ചുവടുറപ്പിയ്ക്കാൻ. രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച കമൽഹാസനുൾപ്പടെയുള്ള താരങ്ങളും രജനിയുടെ ഇനിയുള്ള നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കും.
കൈക്കരുത്തല്ല, ബുദ്ധിയാണ് രാഷ്ട്രീയത്തിൽ വേണ്ടതെന്ന തിരിച്ചറിവോടെ, ആരാധകരെ സംഘടിപ്പിച്ചുള്ള ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം രജനിക്ക് രൂപീകരിയ്ക്കാനാകുമോ എന്നതാണ് ശ്രദ്ധേയം. സിനിമയിലെ സൂപ്പർതാരത്വം രജനിയ്ക്ക് രാഷ്ട്രീയത്തിലും തമിഴ് ജനത നൽകുമോ എന്നും കണ്ടറിയണം.
