ചെന്നൈ: നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചപ്പോള്‍ ശമ്പള പ്രതിസന്ധി മുന്നില്‍ കണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നേരത്തേ പണം ആവശ്യപ്പെട്ടുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. തമിഴ്‌നാട്ടില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പണമായി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു. കാര്‍ഷികവായ്പകളും സബ്‌സിഡികളും വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട മൂവായിരം കോടി രൂപയില്‍ ഒരു രൂപ പോലും തമിഴ്‌നാടിന് നിന്ന് ലഭിച്ചിട്ടില്ല. എന്നാല്‍ പെന്‍ഷന്‍, ശമ്പളവിതരണക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ യഥാര്‍ഥസ്ഥിതിയെന്തെന്ന് പരിശോധിയ്ക്കാം.

എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന പൊലീസുദ്യോഗസ്ഥയായ തമിഴ്‌സെല്‍വിയ്‌ക്കോ, വൈദ്യുതിവകുപ്പിലെ ജീവനക്കാരനായ രാജയ്‌ക്കോ ഇത്തവണ ശമ്പളയിനത്തില്‍ ഒരു രൂപ പോലും നോട്ടായി ലഭിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടില്‍ വന്ന ശമ്പളം പിന്‍വലിയ്ക്കാനായി പോകുമ്പോള്‍, കറന്‍സി ദൗര്‍ലഭ്യം മൂലം പരമാവധി നാലായിരം രൂപയാണ് ബാങ്കുകളില്‍ നിന്ന് ലഭിയ്ക്കുന്നത്. വ്യവസായങ്ങളും പണമിടപാടുകളും കൂടുതലുള്ളതിനാല്‍ നോട്ട് കൈമാറ്റവും കൂടുതലുള്ള കോയമ്പത്തൂര്‍, മധുര, തിരുച്ചിറപ്പള്ളി എന്നീ ജില്ലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രൂക്ഷമായ കറന്‍സി ക്ഷാമമാണ് തമിഴ്‌നാട്ടിലുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചപ്പോള്‍ ശമ്പളത്തിന്റെ ഒരു ഭാഗം പണമായി നല്‍കണമെന്ന് ജീവനക്കാര്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം പരിഗണിച്ചില്ല.

റാബി സീസണ്‍ തുടങ്ങുന്ന കാലത്ത് വിളയിറക്കാന്‍ കര്‍ഷകര്‍ക്ക് ജില്ലാ സഹകരണബാങ്കുകള്‍ വഴിയെങ്കിലും വായ്പയും സബ്‌സിഡിയും നല്‍കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ചോദിച്ച 3000 കോടി രൂപയില്‍ ഒരു രൂപ പോലും ഇതുവരെ ആര്‍ബിഐ നല്‍കിയിട്ടുമില്ല. നോട്ടായി സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ ആര്‍ബിഐയില്‍ ഇല്ലെന്നിരിയ്‌ക്കെ തമിഴ്‌നാട്ടില്‍ വായ്പാ, ശമ്പളവിതരണം കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെന്നും ജീവനക്കാരുടെ സംഘടനകള്‍ ആരോപിയ്ക്കുന്നു.