ദില്ലിയില്‍ വീണ്ടും സമരമുഖം തുറന്ന് തമിഴ്നാട് കര്‍ഷകര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദ്ധാനം പാഴ്വാക്കായതോടെയാണ്, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും എല്ലുമായി കര്‍ഷകര്‍ രണ്ടാംഘട്ട സമരത്തിന് ജന്ദര്‍ മന്ദറിലെത്തിയത്.
കടം എഴുതിത്തള്ളി വിളികള്‍ക്ക് ന്യായവില ഉറപ്പാക്കി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന ഉറപ്പില്‍ 41 ദിവസത്തെ സമരം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ച തമിഴ്നാട് കര്‍ഷകര്‍ നിരാശരായി.
ഒടുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും എല്ലും ഒഴിഞ്ഞ കലവും കീടനാശിനിയുമായി വീണ്ടും സമരമുഖത്ത്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ 50 കര്‍ഷകരെ അറസ്റ്റ് ചെയ്ത പൊലീസ് താക്കീത് നല്‍കി വിട്ടയച്ചെങ്കിലും 100 ദിവസത്തെ സമരവുമായി മുന്നോട്ടുപോകാനാണ് കര്‍ഷകരുടെ തീരുമാനം. വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജായി 40,000 കോടി രൂപ അനുവദിക്കണം, നദീസംയോജനത്തിലൂടെ തമിഴ്നാട്ടില്‍ വെള്ളമെത്തിക്കാന്‍ കാവേരി മാനേജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണം എന്നീ ആവശ്യമാണ് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കര്‍ഷകര്‍ ഉന്നയിക്കുന്നത്. 60 വയസ്സിന് മുകളിലുള്ള കര്‍ഷകര്‍ക്ക് മാസം 5000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. വരും ദിവസങ്ങളില്‍ പുതിയ സമര മാര്‍ഗങ്ങളുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.
