കേരളത്തിലെ നിപവൈറസ് ബാധയെതുട‍ര്‍ന്ന് മുന്‍കരുതല്‍ നടപടികളുമായി തമിഴ്നാട്. അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‍നാട് ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. കേരളത്തില്‍നിന്ന് അറവുമാടുകളെ അതിര്‍ത്തികടത്തുന്നതിനും കര്‍ശന നിയന്ത്രണം ഏ‍ര്‍പ്പെടുത്തിയിട്ടുണ്ട്. 

കമ്പംമേട്, കുമളി, ബോഡിമേട്ട്, ചിന്നാര്‍ ചെക്പോസ്റ്റുകള്‍ക്ക് സമീപമാണ് തമിഴ്നാടിന്റെ മുന്‍കരുതല്‍. കേരളത്തിലേക്ക് വരുന്നവര്‍ക്ക് നിപ വൈറസിനെ കുറിച്ച് ബോധവത്കരണം നല്‍കും. തമിഴ്നാട്ടിലേക്ക് പോകുന്നവരില്‍ പനിയുടെ ലക്ഷണം കണ്ടാല്‍ രക്തം പരിശോധിക്കും. നിപ വൈറസ് ലക്ഷണം കണ്ടാലുടന്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാനാണ് നിര്‍ദേശം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാ കേന്ദ്രങ്ങളും ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. ഓരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാരടക്കം പത്തംഗ മെഡിക്കല്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. 

റോഡില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി ശുചീകരണവും പുരോഗമിക്കുന്നുണ്ട്. അറവുമാടുകളുമായി എത്തുന്ന വാഹനങ്ങള്‍ കടത്തിവിടേണ്ടെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. അടുത്ത 15 ദിവസത്തേക്ക് ഇത്തരത്തില്‍ മുന്‍കരുതല്‍ നടപടികള്‍ തുടരാനാണ് തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ തീരുമാനം.