ഭരണമുപയോഗിച്ച് ശശികലക്ക് പരമാവധി വെല്ലുവിളികള്‍ ഉയര്‍ത്താനുള്ള നീക്കങ്ങള്‍ കാവല്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വം തുടരുകയാണ്. ഇന്ന് ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശശികലയുമായി അടുപ്പമുള്ള ഐ.എ.എസ്-ഐ.പി.എസ് ഉദ്ദ്യോഗസ്ഥരെ മാറ്റി, തനിക്ക് സ്വാധീനമുള്ളവരെ നിയമിക്കാനുള്ള നീക്കങ്ങളാണ് പന്നീര്‍ശെല്‍വം നടത്തുന്നത്. ഇതിന്റെ ആദ്യപടിയായാണ് സസ്‌പെന്‍ഷനിലായിരുന്ന മുന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് ഉദ്ദ്യോഗസ്ഥരെ അദ്ദേഹം സര്‍വ്വീസില്‍ തിരിച്ചെടുത്തത്. ഇതിന് പുറമെ ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലെ വേദ നിലയം സംരക്ഷിത സ്മാരകമാക്കുമെന്നും പന്നീര്‍ശെല്‍വം അറിയിച്ചിട്ടുണ്ട്.
കാവല്‍ മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുമായി ശശികല പക്ഷവും രംഗത്തുണ്ട്. ശശികലയെ പിന്തുണയ്‌ക്കുന്ന 129 എംഎല്‍എമാര്‍ ഇപ്പോഴും അജ്ഞാത കേന്ദ്രത്തിലാണ്. കോണ്‍ഗ്രസിന്റെ പിന്തുണയും ശശികല തേടിയിട്ടുണ്ട്. നിയമസഭയില്‍ ഏഴ് അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ പിന്തുണ കിട്ടിയാല്‍ ഡി.എം.കെ കൂടി പിന്തുണച്ചാല്‍ പോലും പന്നീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിക്കസേരയിലെത്താന്‍ കഴിയില്ല. സ്വന്തം പാളയത്തിലെ കൊഴിഞ്ഞുപോക്ക് തടയാനാണ് 129 എം.എല്‍.എമാരെ ശശികല ചെന്നെയിലെ നക്ഷത്ര ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുന്നത്.
