Asianet News MalayalamAsianet News Malayalam

തന്തൂരി കൊലക്കേസിലെ പ്രതി 23 വർഷങ്ങൾക്കുശേഷം ജയിൽ മോചിതനായി

1995ല്‍ ഭാര്യയെ വെടി വച്ച് കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്ന കേസിലെ പ്രതിയാണ് സുശീല്‍ ശര്‍മ്മ. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാവായിരുന്നു ഇയാള്‍.
 

Tandoor murder case Sushil Sharma walks free after 23 years
Author
Mumbai, First Published Dec 22, 2018, 8:29 PM IST

ദില്ലി: തന്തൂരി കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് രണ്ട് പതിറ്റാണ്ടായി ജയിലില്‍ കഴിയുന്ന സുശീല്‍ ശര്‍മ്മ ജയിൽ മോചിതനായി.  
23 വർഷമായി ജയിലിൽ കഴിയുന്ന സുശീല്‍ ശര്‍മ്മ (56)യെ ഉടന്‍ മോചിപ്പിക്കണമെന്ന ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മോചനം. 1995ല്‍ ഭാര്യയെ വെടി വച്ച് കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് ചുട്ടു കൊന്ന കേസിലെ പ്രതിയാണ് സുശീല്‍ ശര്‍മ്മ. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ നേതാവായിരുന്നു ഇയാള്‍.
 
തൻ്റെ സുഹൃത്തുമായി അവിഹിത ബന്ധം ആരോപിച്ചായിരുന്ന ഇയാൾ ഭാര്യയെ വെടിവച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം ശരീരം വെട്ടിമുറിച്ച് കഷണങ്ങളാക്കി ഒരു റെസ്റ്റോറന്റിലെ തന്തൂരി അടുപ്പിലിട്ട് ചുടുകയും ചെയ്തു. ഡിഎന്‍എ തെളിവായി സ്വീകരിച്ചും പോസ്റ്റ്‌മോര്‍ട്ടം രണ്ടാമത് ചെയ്തും തെളിയിച്ച കേസാണ് തന്തൂരി കൊലക്കേസ്. 

തടവില്‍ 23 വര്‍ഷം കഴിഞ്ഞ ശേഷമാണ് സുശീല്‍ ശര്‍മ്മ മോചനത്തിന് ഹര്‍ജി നല്‍കിയത്. താന്‍ തന്റെ സ്വാതന്ത്ര്യം ഒരിക്കലും ദുരുപയോഗം ചെയ്തിരുന്നില്ലെന്നും പരോളിന്റെ പരിധി കഴിഞ്ഞതായും ഇയാൾ ദില്ലി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ഒരാളെ അനന്തമായി തടവിൽ വയ്ക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ഈ ആഴ്ച ആദ്യമായിരുന്നു കോടതിയുടെ നിരീക്ഷണം. 

2007ൽ കീഴ്ക്കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും 2013ൽ സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. കേസില്‍ ശിക്ഷയായി വിധിച്ച പിഴ ഒടുക്കുകയും ഇരുപതു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയുമാണ് ഇയാള്‍. കൊലപാതകം എന്നത് ക്രൂരതയാണ്. അതിനുള്ള ശിക്ഷ ഇയാള്‍ അനുഭവിച്ചു കഴിഞ്ഞു. ഇനിയും തടവിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. 

അതിക്രൂരമായ കൊലപാതകമായതുകൊണ്ട് മാത്രം ഇയാളെ വിട്ടയ്ക്കാനാവില്ലെന്ന് സെന്റന്‍സ് റിവ്യൂ ബോര്‍ഡിന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരാളെ അനന്തമായി ജയിലിലിടാന്‍ അധികാരികൾ അനുവദിക്കുകയാണെങ്കിൽ, കൊലപാതകം ചെയ്ത ഒരാളും പിന്നീട് പുറത്തുവരില്ലല്ലോയെന്നും കോടതി ചോദിച്ചു. 

പ്രതി വീണ്ടും ഇത്തരം കുറ്റങ്ങൾ ചെയ്യുമെന്ന് വിലയിരുത്താവുന്ന തെളിവുകളില്ല. പ്രതിക്ക് മാനസാന്തരമുണ്ടാവില്ലെന്നു വിലയിരുത്താനാവില്ല. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ ഏക മകനാണ് പ്രതി. വധശിക്ഷ ലഭിക്കുന്നവർക്കുള്ള തടവിലാണ് 10 വർഷമായി പ്രതി കഴിഞ്ഞിരുന്നതെന്നുമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ഇളവ് ചെയ്യുന്നതെന്ന് കോടതി വിശദീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios