22 ഇന്ത്യന്‍ ജീവനക്കാരുമായി പോയ കപ്പല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനീനില്‍ കാണാതായി. ഏകദേശം 52 കോടിയോളം രൂപയുടെ പെട്രോളാണ് കപ്പലിലുള്ളത്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത എം.ടി മറൈന്‍ എക്സപ്രസ് എന്ന കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണ്. കടല്‍ക്കൊള്ളക്കാരുടെ പിടിയിലായതായിരിക്കാമെന്നാണ് ലഭ്യമാകുന്ന സൂചന.

ബെനീനിലെ കോടോണു തുറമുഖത്ത് ജനുവരി 31ന് വൈകുന്നേരം 6.30ന് കപ്പല്‍ നങ്കൂരമിട്ടതായാണ് വിവരം. തൊട്ടടുത്ത ദിവസം അര്‍ദ്ധരാത്രി 2.36ഓടെ കപ്പല്‍ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി. 13,500 ടണ്‍ പെട്രോളാണ് കപ്പലിലുള്ളത്. ഇത് തട്ടിയെടുക്കാനോ അല്ലെങ്കില്‍ മോചനദ്രവ്യം ആവശ്യപ്പെടാനോ വേണ്ടി കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തതാവാമെന്നാണ് സൂചന. മുംബൈ അന്ധേരിയിലുള്ള ഈസ്റ്റ് ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റിലെ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ലോകത്താകമാനമുള്ള നിരവധി കപ്പലുകളിലേക്ക് ജീവനക്കാരെ നല്‍കുന്ന സ്ഥാപമാണിത്. സംഭവത്തില്‍ കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നടപടികള്‍ ആംരഭിച്ചിട്ടുണ്ട്. നൈജീരിയയിലും ബെനീനിലുമുള്ള ഇന്ത്യന്‍ മിഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നൈജീരിയന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കടലില്‍ നിരീക്ഷണം നടത്തിയെങ്കിലും കപ്പിലിനെക്കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.