തങ്ങളോട് ശത്രുത പുലർത്താത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്നാണ് ഇറാന്‍റെ നിലപാട്. എന്നാൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ലഭിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിൽ എത്തിയത് എട്ട് കപ്പലുകൾ. സംഘർഷം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ കപ്ലുകൾ എത്തിയത് ഇന്ത്യയിലേക്കാണ്. ഇന്ത്യ ഉൾപ്പെടെയുള്ള സൌഹൃദ രാജ്യങ്ങൾക്ക് ഇളവു നൽകുന്നു എന്നാണ് ഇറാൻ പ്രതികരിച്ചത്. ഫെബ്രുവരി 28-ലെ യുഎസ് - ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് ആഗോള ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കി. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ 60 ശതമാനവും ഇറാനിൽ നിന്നുള്ളതോ അങ്ങോട്ട് പോകുന്നതോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായി എത്തിനായി.
യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എട്ട് ഇന്ത്യൻ കപ്പലുകൾ ഇതുവരെ ഹോർമുസ് കടലിടുക്ക് കടന്നു. എംടി ശിവാലിക്, എംടി നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം, ഗ്രീൻ സാൻവി എന്നീ കപ്പലുകളാണ് സുരക്ഷിതമായി ഹോർമുസ് കടന്നത്. ഇവയിൽ ഭൂരിഭാഗവും പാചകവാതകവും അസംസ്‌കൃത എണ്ണയും വഹിച്ചുകൊണ്ടുള്ളവയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽപിജിയുമായി കടന്നുപോയ ഗ്രീൻ സാൻവിയാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കപ്പൽ. ഗ്രീൻ ആശ, ജഗ് വിക്രം എന്നീ കപ്പലുകൾക്കും അനുമതി ലഭിച്ചേക്കും. ഇന്ത്യൻ പതാകയുള്ള 15ലേറെ കപ്പലുകൾ നിലവിൽ ഹോർമുസ് മേഖലയിലുണ്ട്.
ഇറാൻ അധികൃതരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകളാണ് ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ വഴിയൊരുക്കിയത്. തങ്ങളോട് ശത്രുത പുലർത്താത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാമെന്നാണ് ഇറാന്‍റെ നിലപാട്. എന്നാൽ അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ അനുമതി ലഭിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്ന സൂചനയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തി. ഹോർമുസിന് പിന്നാലെ ലോകത്തിലെ മറ്റൊരു പ്രധാന കപ്പൽപ്പാതയായ ബാബ് എൽ-മന്ദബ് കടലിടുക്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ സൂചിപ്പിച്ചു. ആഗോള തലത്തിൽ എണ്ണ, ഗോതമ്പ്, വളം എന്നിവയുടെ വിതരണത്തിൽ ഈ പാതയ്ക്കുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത് രാജ്യാന്തര വിപണിയിൽ കൂടുതൽ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്.


