തിരൂര്‍: താനൂരില്‍ വാഹനങ്ങള്‍ നശിപ്പിക്കുന്നത് പതിവാകുന്നു. നബിദിന ഘോഷയാത്രക്ക് നേരെയുണ്ടായ അക്രമത്തിനു പിന്നാലെയാണ് സമീപപ്രദേശമായ പറവണ്ണയില്‍ സംഘര്‍ഷം തുടങ്ങിയത്. ആറ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റതിന്‍റെ തിരിച്ചടിയെന്ന നിലയില്‍ അന്ന് രാത്രിതന്നെ പറവണ്ണയിലെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ അക്രമമുണ്ടായി.പുലര്‍ച്ചയോടെ വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോറിക്ഷയും കത്തിച്ചു.

ഇതിന് പ്രതികാരമായി മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. രണ്ടു ദിവസം സമാധാനത്തില്‍ നിന്ന പറവണ്ണയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ വീണ്ടും വാഹനങ്ങള്‍ കത്തിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ മൂന്നു ബൈക്കുകളും ഒരു ഓട്ടോറിക്ഷയുമാണ് കത്തിച്ചത്. മുസ്ലീം ലീഗാണ് അക്രമത്തിനു പിന്നിലെന്നാരോപിച്ച സി.പി.എം പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പറവണ്ണയില്‍ റോഡ് ഉപരോധിച്ചു. രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ മറവില്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ നശിപ്പിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഓട്ടോറിക്ഷകള്‍ കത്തിക്കുന്നതോടെ പലരുടേയും ഉപജീവനം തന്നെ വഴിമുട്ടുകയാണ്.