ദില്ലി: ദില്ലിയിൽ കാറിനുള്ളിൽ ബെൽജിയം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓല ടാക്സി ഡ്രൈവറെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു.രാജസ്ഥാൻ സ്വദേശിയായ രാജ് സിങ്ങിനെ ഗുരുഗ്രാമിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ജിപിഎസ് പ്രവർത്തിക്കുന്നില്ലെന്നും വഴി പറഞ്ഞ് തരണമെന്നും അഭ്യർത്ഥിച്ച് മുൻ സീറ്റിൽ ഇരുത്തിയതിന് ശേഷം യാത്രാ മദ്ധ്യേ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇന്നലെയാണ് കിഴക്കൻ ദില്ലിയിലെ പോലീസ് സ്റ്റേഷനിൽ ബെൽജിയം യുവതി പരാതി നൽകിയത്.
ടാക്സി സേവന ദാതാക്കളായ ഓലയുടെ കാറിലാണ് യുവതി യാത്ര ചെയ്തത്.ബുക്കിംഗ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാമിൽ നിന്നും ഡ്രൈവർ രാജ്സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതായി ഓല അധികൃതർ വ്യക്തമാക്കി.
