റിയാദ്: സൗദിയില്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള നിയമങ്ങള്‍ ശക്തമാക്കുന്നു, ടാക്സി ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാതിരുന്നാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ചുമത്താന്‍ തീരുമാനമായി. ഓണ്‍ലൈന്‍ ടാക്സി ഓടിക്കുന്ന വിദേശികള്‍ക്കെതിരെയും, വൃത്തിയില്ലാത്ത ടാക്സികള്‍ക്കും പിഴ ചുമത്തുമെന്ന് പൊതുഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ, ഗതാഗത നിയമലംഘനങ്ങളുടെ നിയന്ത്രണം തുടങ്ങിയവ ഉറപ്പ് വരുത്തുകയാണ് പുതിയ നിര്‍ദേശങ്ങളിലൂടെ സൗദി പൊതുഗതാഗത വകുപ്പ്. ഇതുപ്രകാരം ടാക്സികളില്‍ മീറ്റര്‍ സംവിധാനം നിര്‍ബന്ധമാണ്‌.

ഇത് ലംഘിക്കുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. ടാക്സി ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാതിരുന്നാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. ടാക്സികളുടെ അകമോ പുറമോ വൃത്തിഹീനമായി കണ്ടാലും അഞ്ഞൂറ് റിയാല്‍ പിഴ ചുമത്തും. ടാക്സി എന്ന ബോര്‍ഡ്‌ മുകളില്‍ ഇല്ലെങ്കില്‍ ഡ്രൈവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും. ടാക്സി ലൈസന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാറിന്‍റെ മുന്‍സീറ്റിനോടനുബന്ധിച്ചു പ്രദര്‍ശിപ്പിക്കാതിരിക്കുന്നാലും ആയിരം റിയാലാണ് പിഴ. പിന്‍സീറ്റില്‍ ഈ വിവരം ഇല്ലെങ്കില്‍ എണ്ണൂറു റിയാല്‍ അടയ്ക്കേണ്ടി വരും. ഫസ്റ്റ് എയ്ഡ് കിറ്റ്‌, തീ കെടുത്താനുള്ള ഉപകരണം, അപകട സൂചന നല്‍കുന്ന ട്രയാങ്കിള്‍ തുടങ്ങിയവ ടാക്സികളില്‍ ഇല്ലെങ്കില്‍ ഓരോ ഉപകരണത്തിനും അഞ്ഞൂറ് റിയാല്‍ വീതം പിഴ ചുമത്തും.

ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കും ഈ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും ബാധകമാണ്. ഓണ്‍ലൈന്‍ ടാക്സികളില്‍ സൗദികള്‍ ആയിരിക്കണമെന്ന നിബന്ധന പല കമ്പനികളും പാലിക്കുന്നില്ലെന്ന് പൊതു ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി. അനുമതി ഇല്ലാതെ ഓണ്‍ലൈന്‍ ടാക്സികള്‍ ഓടിക്കുന്ന വിദേശികള്‍ക്ക് അയ്യായിരം റിയാല്‍ പിഴ ചുമത്തും. വിദേശ ഡ്രൈവര്‍മാരെ ജോലിക്ക് വെക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. നിയമലംഘകര്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യല്‍, നാടു കടത്തല്‍ തുടങ്ങിയ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.