അമരാവതിയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തരയോഗത്തിന് ശേഷമാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കേന്ദ്രമന്ത്രിമാരോട് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്. 

ദില്ലി;ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രി സഭയില്‍ നിന്നും ടിഡിപിയുടെ മന്ത്രിമാര്‍ രാജിവച്ചൊഴിഞ്ഞു. വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗണപതി രാജു, ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി വൈ.എസ്.ചൗധരി എന്നിവരാണ് രാജി വച്ചത്. 

അതേസമയം മന്ത്രിസഭയില്‍ നിന്നു രാജിവച്ചെങ്കിലും ടിഡിപി എന്‍ഡിഎയില്‍ തുടരുമെന്നാണ് പാര്‍ട്ടി നിലപാട്. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമായി തുടരും പക്ഷേ മന്ത്രിപദവികള്‍ ഏറ്റെടുക്കില്ല രാജിവച്ച ശേഷം മാധ്യമങ്ങളെ കണ്ട ഗണപതി രാജു വിശദീകരിച്ചു. ആന്ധ്രാപ്രദേശ് തലസ്ഥാനമായ അമരാവതിയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തരയോഗത്തിന് ശേഷമാണ് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കേന്ദ്രമന്ത്രിമാരോട് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടത്. 

തെലങ്കാന വിഭജനസമയത്ത് തങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടതാണ് പ്രത്യേക പദവിയെന്നും അത് നല്‍കാതെ വഞ്ചിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നുമാണ് ടിഡിപി പറയുന്നത്. ടിഡിപിയെ അനുനയിപ്പിക്കാനായി ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നീട് ബിജെപി അധ്യക്ഷന്‍ അമിത്ഷായും നായിഡുവിനെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു എന്നാല്‍ ഇരുവരുടേയും ആവശ്യം തള്ളി നായിഡു മന്ത്രിമാരോട് രാജി ആവശ്യപ്പെടുകയായിരുന്നു.