മോദി സര്‍ക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോകസഭയില്‍

ദില്ലി: വൈഎസ്ആര്‍ കോൺഗ്രസും ടിഡിപിയും ലോകസഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി ടിഡി സുബറെഡ്ഡിയും ടിഡിപിക്കു വേണ്ടി തോട്ടാ നരസിംഹനുമാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. 

നോട്ടീസിന് അനുമതി കിട്ടണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. തൃണമൂൽ, ബിജെഡി പാർട്ടികളുടെ പിന്തുണ തേടാനുള്ള ശ്രമം നടക്കുകയാണ്. നോട്ടീസിനെ അനുകൂലിക്കുമെന്ന് ടി‍ഡിപി.

16 അംഗങ്ങളാണ് ടിഡിപിക്ക് ലോകസഭയിലുള്ളത്. ആറ് എംപിമാര്‍ രാജ്യസഭയിലുണ്ട്. ടിഡിപി മുന്നണി വിട്ടതോടെ എൻഡിഎ ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ലോകസഭയില്‍ എന്‍ഡിഎ അംഗസംഖ്യ 315 ആയി കുറഞ്ഞു. ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും കൂടി മുന്നണി വിട്ടാല്‍ അത് 297 ലേക്കെത്തും.

ആവശ്യമായ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ അവിശ്വാസ പ്രമേയം സ്പീക്കര്‍ സ്വീകരിക്കുകയുള്ളു. അതേസമയം ഒരംഗം അവിശ്വാസം എഴുതി നല്‍കിയാല്‍ അത് സ്പീക്കര്‍ക്ക് പരിശോധിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള അംഗങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമം നടക്കുന്നത്.

അവിശ്വാസ പ്രമേയം വന്നാലും അത് മറികടക്കാനുള്ള അംഗബലം ബിജെപിക്കുണ്ട്. എന്നാല്‍ നാല് വര്‍ഷത്തോളം മുന്നണിയുടെ ഭാഗമായിരുന്ന ഒരു പാര്‍ട്ടി തന്നെ അവിശ്വാസ പ്രമേയം നല്‍കുന്നത് ബിജെപിക്ക് ധാര്‍മികമായി തിരിച്ചടിയാകും.