കൊല്‍ക്കത്ത: ഏഴ് വയസുകാരിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ച സംഗീതാധ്യാപകന്‍ പിടിയില്‍. കൊല്‍ക്കത്തയിലാണ് വിദ്യാര്‍ത്ഥിനിയെ രണ്ട് മാസത്തോളം പീഡിപ്പിച്ചതിന് അധ്യാപകന്‍ പിടിയിലായത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ഇരുപത്തേഴുകാരനായ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. സൗമെന്‍ റാണ എന്ന അധ്യാപകന്‍ തന്നോട് പെരുമാറുന്നതിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോഴാണ് അധ്യാപകന്‍ കുട്ടിയെ ദുരുപയോഗം ചെയ്തത് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. 

സ്കൂളിലെത്തി പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം ആരോപണം അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു. പിന്നീട് സ്കൂളിലെ രക്ഷാകര്‍ത്തക്കളുടെ സംഘടനയെ സമീപിച്ചതോടെയാണ് സ്കൂള്‍ അധികൃതര്‍ വിഷയം ഗൗരവമായി എടുത്തതെന്നും രക്ഷിതാക്കള്‍ പറയുന്നു. സ്കൂള്‍ അധികൃതരുടെ നിലപാടില്‍ രക്ഷകര്‍ത്താക്കള്‍ സ്കൂളിന് പുറത്ത് പ്രതിഷേധം നടത്തി. 

സ്കൂള്‍ പരിസരത്തുണ്ടായിരുന്ന അധ്യാപകനെ പൊലീസ് പിടികൂടുകയായിരുന്നു. ഈ അധ്യാപകനെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ രക്ഷിതാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത് സ്ഥലത്ത് അല്‍പ നേരത്തേയ്ക്ക് സംഘര്‍ഷമുണ്ടാക്കി.