കാസർകോട്: ചീമേനിയിൽ റിട്ടേയേർഡ് അധ്യാപികയെ മോഷണ സംഘം കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവം നടന്ന് ഒന്നരമാസമായിട്ടും പ്രതികളെ പിടികൂടാൻ പൊലീസിനാകാത്തതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
റിട്ടേർഡ് അധ്യാപിക ജാനകിയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ഇതുവരേയും പ്രതികളെ കണ്ടെത്താൻ കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. 

നിരവധി പ്രതിഷേധ സമരങ്ങളും നടന്നു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിയുടെ അടുക്കൽ വരെ പരാതിയുമായെത്തി. ഇതിനെല്ലാം ഒടുവിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറികൊണ്ടുള്ള തീരുമാനമെത്തിയത്. തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലിന്റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യ വ്യക്തമാക്കിയത്. കഴിഞ്ഞ ഡിസംബർ പതിമൂന്നിനാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേർ വീട്ടിൽ അതിക്രമിച്ച് കയറി ജാനകിയെ കഴുത്തിന് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയത്. 

ഭർത്താവ് കൃഷ്ണന് മാരകമായി മുറിവേൽക്കുകയും ചെയ്തു. കണ്ണൂർ റൈഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തിനായിരുന്നു അന്വേഷണ ചുമതല. മാസം പിന്നിട്ടിട്ടും കേസിൽ കാര്യമായ തുമ്പുണ്ടാക്കാനായില്ല. ഒടുവിൽ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. 

അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതിൽ നിലവിലെ അന്വേഷണ സംഘത്തിന് ശക്തമായ എതിർപ്പുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇതോടെ കേസന്വേഷണത്തിൽ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.