വണ്ടിപെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വണ്ടിപെരിയാര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അലക്‌സ് സാബു (15) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ഇടുക്കി: സഹപാഠികളുടെ മുമ്പില്‍ വെച്ച സ്‌കൂള്‍ അധികൃതര്‍ മോഷണ കുറ്റം ആരോപിച്ചതിന്റെ പേരില്‍ മനംനെന്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വണ്ടിപെരിയാര്‍ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ വണ്ടിപെരിയാര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അലക്‌സ് സാബു (15) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

ആത്മഹത്യയ്ക്ക് കാരണമായ സംഭവത്തെ കുറിച്ച് അലക്‌സ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം പത്താം ക്ലാസുകാരുടെ വിരമിക്കല്‍ ചടങ്ങ് ആഘോഷം നടക്കുന്ന സമയത്ത് ആ സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ സ്‌കൂള്‍ ഫീസായ 2000 രൂപ നഷ്ടപ്പെട്ടിരുന്നു. ഈ തുക മോഷ്ടിച്ചതെന്ന് കരുതുന്ന വിദ്യാര്‍ത്ഥി സ്‌കൂളില്‍ വെച്ച് അലക്‌സിന്റെ കൈയ്യില്‍ 250 രൂപ നല്‍കുന്നത് കണ്ടതായി കുറച്ച് കുട്ടികള്‍ പറഞ്ഞു. ഇത്തരത്തില്‍ പറഞ്ഞ് പരത്തിയ കുട്ടികളുമായി അലക്‌സ് ഇതിനെ ചൊല്ലി പരസ്പരം വഴക്കുണ്ടാകുയും ചെയ്തിരുന്നു. 

സ്‌കൂള്‍ അധികൃതര്‍ മോഷണകേസുകളെ സംബന്ധിക്കുന്ന പ്രശ്‌നം പറഞ്ഞ് തീര്‍ത്തുകൊള്ളാമെന്ന് അലക്‌സിന് ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ഫൈനല്‍ പരിക്ഷയോടനുബന്ധിച്ച് സ്‌കൂളിലെത്തിയ അലക്‌സിനെ സ്‌കൂള്‍ അദ്ധ്യാപകര്‍ ചേര്‍ന്ന് സ്‌കൂളില്‍ നിന്ന് തുക കാണാതെ പോയത് അലക്‌സ് കാരണമാണെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് പറഞ്ഞ് വീട്ടിരുന്നു. വീട്ടിലെത്തിയ അലക്‌സ് വീട്ടില്‍ സൂക്ഷിച്ചിരുന്ന വിഷം എടുത്ത് കഴിക്കുകയായിരുന്നു. 

ഇതിനെ തുടര്‍ന്നാണ് നെടുങ്കണ്ടം തൂക്കുപാലം അര്‍പ്പണ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളുകളുടെ നിലവാരം പരിശോധിക്കുന്നതിന് നാഷണല്‍ ലെവലില്‍ നടന്ന പരീക്ഷയില്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച് ചോദ്യം ഉണ്ടായിരുന്നു. ഇല്ലാത്ത സൗകര്യങ്ങള്‍ ഉണ്ടെന്ന് എഴുതുവാന്‍ മടിച്ച അലക്‌സിനെ കൊണ്ട് ആ പരീക്ഷ എഴുതിച്ചിരുന്നില്ല. 

പകരം അദ്ധ്യാപകര്‍ തന്നെയാണ് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയത്. ഇതിന്റെ പ്രതികാര നടപടിയെന്നവണ്ണമാണ് മനസ്സറിവില്ലാത്ത മോഷണ കുറ്റത്തില്‍ സ്‌കൂള്‍ അധികൃതര്‍ പ്രതിചേര്‍ത്തതെന്ന് അലക്‌സ് പറയുന്നു. അലക്‌സ് അപകടാവസ്ഥ തരണം ചെയ്തു. ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ക്കും പോലീസിനും പരാതി നല്‍കി.