മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്തിയെന്നും ആരോപണം

വയനാട്:സ്‌കൂളിന്റെ വിജയശതമാനം കൂട്ടാന്‍ വയനാട് നീര്‍വാരത്ത് രണ്ട് ആദിവാസി കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിച്ചില്ലെന്ന് പരാതി. പരീക്ഷയ്ക്ക് മുമ്പ് ആദിവാസി കുട്ടികളെ മാത്രം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പരിശോധന നടത്തിയെന്നും ആരോപണം. എന്നാല്‍ സ്ഥിരമായി ക്ലാസില്‍ വരാത്തവരെ മാത്രമാണ് പരീക്ഷ എഴുതിക്കാത്തതെന്നാണ് സ്‌കൂളിന്റെ വിശദീകരണം.

പനമരം നീര്‍വാരം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന പാറവയല്‍ കോളനിയിലെ ബബീഷിനെയും അമലിനെയുമാണ് ഇത്തവണ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത്ത്. സ്‌കൂളിലെ പതിനെട്ട് ആദിവാസി കുട്ടികളെ ചന്നലോട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രത്യേക പരിശോധന നടത്തിയെന്നും ഇവര്‍ പറയുന്നു. പരിശോധന പരിക്ഷ എഴുതാനാവുമോ എന്നു മനസിലാക്കാനെന്നാണ് അധ്യാപകര്‍ പറഞ്ഞിരുന്നത്.

ജനുവരി മുതല്‍ 45 ദിവസം സ്‌കൂളില്‍ ഹാജരാകാത്തതാണ് പരീക്ഷ എഴുതിപ്പിക്കാതിരിക്കാന്‍ കാരണമായി സ്‌കൂള്‍ അധികൃതര്‍ ചൂണ്ടികാട്ടുന്നത്. വിഷയം കുട്ടികളുടെ മാതാപിതാക്കളെ നേരത്ത് അറിയിച്ചിരുന്നതുമാണ്. അതേസമയം മാനസികാരാഗ്യകേന്ദ്രത്തില്‍ എന്തിനുകൊണ്ടുപോയി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അധ്യാപകര്‍ തയാറായിട്ടില്ല.