കോഴിക്കോട്: തിരുവമ്പാടി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പരാതി. പീഡനത്തെതുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂര സമീപനം രക്ഷിതാക്കളറിയുന്നത്. സ്‌പെഷ്യല്‍ ക്ലാസിനെത്തിയില്ലെന്ന കാരണത്തില്‍ അധ്യാപകന്‍ കുട്ടിയെ മൂത്രമൊഴിക്കാന്‍ പോലും അുവദിക്കാതെ ഒരു ദിവസം മുഴുവന്‍ ക്ലാസിന് പുറത്ത് നിര്‍ത്തി. 

തിരുവമ്പാടി സേക്രഡ്ഹാര്‍ട്ട് എച്ച്എസ്എസ്സിലാണ് സംഭവം. കഴിഞ്ഞ ദിവസം പത്താം ക്ലാസ്സുകാര്‍ക്ക് നടത്തിയ സ്പെഷ്യല്‍ ക്ലാസ്സില്‍ വിദ്യാര്‍ഥി പങ്കെടുത്തിരുന്നില്ല. സഹപാഠികള്‍ ക്ലാസ്സില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സ്‌കൂളിലേക്ക് പോയ താന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. എന്നാല്‍ ക്ലാസ്സിലെത്തിയ വിദ്യാര്‍ഥിയെ അധ്യാപിക ക്ലാസ്സില്‍ കയറ്റാതെ പ്രധാനാധ്യാപകനെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഒരു ദിവസം മുഴുവന്‍ വിദ്യാര്‍ഥിയെ ക്ലാസ്സിനു പുറത്ത് നിര്‍ത്തിയ പ്രധാന അധ്യാപകന്‍ വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല. വീട്ടിലെത്തി കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ വീട്ടുകാര്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയോട് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സ്‌കൂളില്‍ നിന്നുണ്ടായ ദുരനുഭവം കുട്ടി വെളിപ്പെടുത്തിയത്. അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.