ചെന്നൈ: എ.ഐ.എ.ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസ്വാമി ഗവര്‍ണ്ണറെ കാണുവാന്‍ പുറപ്പെട്ടു. വൈകിട്ട് അഞ്ചരയ്ക്ക് അദ്ദേഹം ഗവര്‍ണറെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പനീര്‍സെല്‍വം മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്നു പളനിസ്വാമി. അനികൃത സ്വത്ത് കേസില്‍ ശശികലയ്ക്ക് എതിരായ വിധി വന്നതിന് പിന്നാലെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗത്തിലാണ് എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കൂവത്തൂരിലെ റിസോര്‍ട്ടിന് സമീപം പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ രാവിലെ പനീര്‍ശെല്‍ലം അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. വിധിക്ക് ശേഷം ശശികലയും ഇവിടെ തന്നെയാണ് തങ്ങുന്നത്.

അതേസമയം കക്ഷി നേതാവായി ഐകകണ്‌ഠേനയാണ് തന്നെ തെരഞ്ഞെടുത്തതെന്ന് പളനിസ്വാമി അവകാശപ്പെട്ടു. റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാരെക്കൊണ്ട് പളനിസ്വാമിയെ പിന്തുണച്ച് ഒപ്പിടുവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. താന്‍ ശിക്ഷിക്കപ്പെട്ടുവെങ്കിലും പനീര്‍സെല്‍വം മുഖ്യമന്ത്രിയാകുന്നത് തടയാനുള്ള അവസാനവട്ട ശ്രമങ്ങളാണ് ശശികല നടത്തുന്നത്. 

താന്‍ ജയിലിലേക്ക് പോകുന്ന സാഹചര്യത്തില്‍ തന്‍റെ വിശ്വസ്തനെ മുന്‍നിര്‍ത്തി സര്‍ക്കാരിനെയും പാര്‍ട്ടിയെയും നിയന്ത്രിക്കാനാണ് ശശികലയുടെ നീക്കം. അതേസമയം എത്ര എം.എല്‍.എമാര്‍ ശശികലയുടെ ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് കണ്ടറിയണം.

നേരത്തെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം കുറവത്തൂരിലേക്ക് തിരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ശശികലയ്ക്ക് എതിരെ സുപ്രീംകോടതി വിധി വന്ന സ്ഥിതിയില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ പനീര്‍ശെല്‍വം ഇവരുടെ പിന്തുണ തേടാനാണ് ഈ നീക്കം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ നീക്കം പിന്നീട് പനീര്‍ശെല്‍വം ഉപേക്ഷിച്ചു.

റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കൊപ്പം ഇന്നലെ മുതല്‍ ശശികലയുമുണ്ടായിരുന്നു. റിസോര്‍ട്ടില്‍ വച്ചാണ് ശശികല കോടതി വിധി അറിഞ്ഞത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവര്‍ വിധി കേട്ടത്. വിചാരണ കോടതിയുടെ ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല നാല് വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പത്ത് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്.