പിൻ നമ്പർ നൽകാൻ വിസമ്മതിച്ചത്തോടെ കത്തി ചൂണ്ടി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഭീഷണി ഭയന്ന് പിൻ നമ്പർ നൽകി. തന്റെ കൈയിൽ ഉണ്ടായിരുന്ന നാല് എടിഎം കാർഡിന്റെ പിൻ നമ്പർ അക്രമികൾക്ക് പറഞ്ഞ് കൊടുത്തു. നാല് എടിഎമ്മുകളിൽനിന്നായി 45000 രൂപയോളം അക്രമികൾ കവർന്നതായി അനുരാഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ബംഗളൂരു: ബംഗളൂരുവിൽ 25കാരനെ തട്ടികൊണ്ടുപോയി പണം കവർന്നു. ചെന്നൈ സ്വദേശി അനുരാഗ് ശർമ്മയാണ് തട്ടിക്കൊണ്ടുപോയി കവർച്ചയ്ക്ക് ഇരയാക്കിയത്. എട്ട് മണിക്കൂറോളം തടവിൽ വച്ചാണ് അനുരാഗിൽനിന്ന് പണമുൾപ്പടെ കവർന്നത്. ജനുവരി 31 വ്യാഴാഴ്ച രാത്രി 11.50ഓടെയാണ് സംഭവം നടന്നത്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഫോസിസിലെ ജീവനക്കാരനാണ് അനുരാഗ്. ബംഗളൂരുവിലുള്ള ബന്ധുവീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നാലുപേർ ചേർന്ന് അനുരാഗിനെ ബലമായി വാനിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
സംഭവം നടന്ന ദിവസം രാത്രി നാട്ടിലേക്ക് മടങ്ങുന്നതിനായി ബോമസാന്ദ്രയിൽ ബസ് കാത്തുനിൽക്കുകയായിരുന്ന തന്നെ ഒമ്‌നി വാനിലെത്തിയ സംഘം ബലമായി പിടിച്ച് വാനിലേക്ക് കയറ്റുകയായിരുന്നു. വാനിൽ കയറ്റുന്നതിന് മുമ്പ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അക്രമികൾ മർദ്ദിച്ച് വാനിലേക്ക് കയറ്റി. പിന്നീട് ബസ് സ്റ്റാന്റിൽനിന്ന് വാൻ എടുക്കുകയും തൊട്ടടുത്ത ബസ് സ്റ്റോപ്പിൽനിന്ന് വേറെ രണ്ട് പേരെ വണ്ടിയിലേക്ക് കയറ്റുകയും ചെയ്തു.
പിന്നീടുള്ള എട്ട് മണിക്കൂർ ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളായിരുന്നുവെന്ന് അനുരാഗ് പറയുന്നു. കാറിൽ കയറ്റിയ ഉടൻതന്നെ അക്രമികൾ കണ്ണുകൾ രണ്ടും കെട്ടി. പിന്നീട് ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലിൽ ശക്തമായി അടിച്ചു. ശേഷം പോക്കറ്റിൽനിന്ന് പേഴ്സും മൊബൈൽ ഫോണും എടുത്തു. ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. പിൻ നമ്പർ നൽകാൻ വിസമ്മതിച്ചത്തോടെ കത്തി ചൂണ്ടി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ഭീഷണി ഭയന്ന് പിൻ നമ്പർ നൽകി. തന്റെ കൈയിൽ ഉണ്ടായിരുന്ന നാല് എടിഎം കാർഡിന്റെ പിൻ നമ്പർ അക്രമികൾക്ക് പറഞ്ഞ് കൊടുത്തു. നാല് എടിഎമ്മുകളിൽനിന്നായി 45000 രൂപയോളം അക്രമികൾ കവർന്നതായി അനുരാഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിനുശേഷം വെള്ളിയാഴ്ച രാവിലെ 8.30യോടെ അക്രമി സംഘം അനുരാഗിനെ ആളൊഴിഞ്ഞ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അക്രമത്തിൽ സാരമായി പരിക്കേറ്റ അനുരാഗ് ആശുപത്രിയിലേക്ക് പോകുകയും ചികിത്സ തേടുകയും ചെയ്തു. നടക്കാൻ പോലും കഴിയാത്തവിധം മർദ്ദിച്ചതിനാൽ വളരെ കഷ്ടപ്പെട്ടാണ് ആശുപത്രി വരെ എത്തിയതെന്നും അനുരാഗ് പറഞ്ഞു. അനുരാഗിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബംഗളൂരു പൊലീസ് പറഞ്ഞു.
