അമേരിക്കയിലായിരുന്ന മകന്‍ ഒരു വര്‍ഷത്തിന് ശേഷം മുബൈയിലെ ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് അമ്മയുടെ അസ്ഥികൂടം. പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥനായ റുതുരാജ് സഹാനി(43) ലാണ് അന്ധേരി ലോകണ്ഡവാലയിലെ ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മയുടെ അഴുകിയ അസ്ഥികൂടം കണ്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരം റിതുരാജ് എത്തിയപ്പോള്‍ ഫഌറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഏറെ നേരം മുട്ടിവിളിച്ചിട്ടും കതകു തുറക്കാത്തതിനെ തുടര്‍ന്ന് പൂട്ടുപൊളിച്ച് അകത്ത് കയറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിയില്‍ കസേരയില്‍ ഇരിക്കുന്ന രീതിയില്‍ ്അമ്മയുടെ അസ്ഥികൂടം കാണുകയായിരുന്നു. 

അന്ധേരി ലോകണ്ഡവാലയിലെ ആഢംബര ഫ്ലാറ്റില്‍ വര്‍ഷങ്ങളായി തനിച്ചു കഴിയുന്ന ആശ സഹാനി(63) ആണ് ശവസംസ്‌കാരം നടത്താന്‍ ആരുമില്ലാതെ അഴുകി അസ്ഥികൂടമായി മാറിയത്. നാലു വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതോടെ ഫ്ലാറ്റിലെ പത്താം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ഇവരുടെ താമസം.

പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും ആശയുടെ കുടുംബത്തിന്‍റെതാണ്. വാര്‍ദ്ധക്യത്തിന്‍റെ അവസാന നാളുകളില്‍ ഇവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും ആരുമില്ലായിരുന്നു. മരിച്ച് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മൃതദേഹം അഴുകിയത് ആരും അറിഞ്ഞില്ല.

 20 വര്‍ഷമായി ഭാര്യയോടൊപ്പം അമേരിക്കയില്‍ താമസിക്കുന്ന റിതുരാജിന് തന്‍റെ ജോലിത്തിരക്ക് കാരണം അമ്മ എവിടെയാണെന്ന് പോലും അന്വേഷിച്ചിരുന്നില്ല. റിതുരാജ് അമ്മയോട് അവസാനമായി സംസാരിച്ച് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണെന്ന് പോലീസിനോട് പറഞ്ഞു. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.