ഇന്നലെ രാത്രി 11.30നാണ് മണക്കാടുള്ള ഹോട്ടലില്‍ വെച്ച് മൂന്ന് ടെക്നോപാക്ക് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്. ഭക്ഷണം കഴിക്കാനെത്തിയ സുഹൃത്തുക്കളുടെ സമീപമുള്ള കസേരകളില്‍ വിഴിഞ്ഞത്തുനിന്നെത്തിയ ചില ചെറുപ്പക്കാരമുണ്ടായിരുന്നു. ടെക്കികള്‍ ഉറക്കെ സംസാരിച്ചുവെന്നാോരപിച്ച് അടുത്തുണ്ടായിരുന്ന യുവാക്കള്‍ തട്ടികയറി. വാക്കു തര്‍ക്കത്തിനൊടുവില്‍ മൂന്നു യുവാക്കളെയും സംഘം കൈയേറ്റം ചെയ്തു. നിലത്തിട്ടും യുവാക്കളെ സംഘം മര്‍ദ്ദിച്ചു. ഹോട്ടലിനകത്തും റോഡിലുമിട്ട് യുവാക്കളെ മര്‍ദ്ദിച്ചുവെങ്കിലും ഹോട്ടല്‍ ജീവനക്കാരോ ഭക്ഷണം കഴിക്കാനെത്തിയ മറ്റുള്ളവരോ തടയാന്‍ ശ്രമിച്ചില്ല.

വിവരമറി‍ഞ്ഞ് ഫോര്‍ട്ട് പൊലീസെത്തിയപ്പോള്‍ മര്‍ദ്ദിച്ചവര്‍ വാഹനമെടുത്ത് സ്ഥലം വിട്ടിരുന്നു. പൊലീസിന് വാഹന നമ്പറും മര്‍ദ്ദിച്ചവരുടെ വിവരങ്ങളും കൈമാറിയിട്ടും നടപടിയൊന്നുമുണ്ടായില്ല. മര്‍ദ്ദനമേറ്റവരും മദ്യപിച്ചിരുന്നു. ഇതില്‍ വാഹനമോടിച്ച സോണിയെന്നാള്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേടെുത്തു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പരാതിയുമായി എത്താമെന്ന് യുവാക്കള്‍ അറിയിച്ച ശേഷം പോവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാക്കള്‍ പൊലീസില്‍ പരാതിയുമായെത്തി. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഫോര്‍ട്ട് സ്റ്റേഷനു സമീപം മണിക്കൂറോളം അഴിഞ്ഞാടിയ അക്രമികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പിടികൂടാത്ത പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായത്. ഷാഡോ പൊലീസ് ഉള്‍പ്പെടെ ഇന്നലെ രാത്രി നഗരത്തില്‍ പ്രത്യേക പരിശോധന നടത്തുമ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടായത്.