ബംഗളുരു: പ്രാവിനെ പിടിക്കുന്നതിനിടയില്‍ തടസ്സമായ രണ്ട് വയസ്സുകാരനെ 14കാരന്‍ ചവിട്ടിക്കൊന്നു. പ്രാവിനെ പിടിക്കുന്നതിനിടെ 2 വയസ്സുകാരന്‍ ഇടയ്ക്ക് കയറുകയും ഇതോടെ പ്രാവ് പറന്നുപോകുകയും ചെയ്തതിന്റെ പേരിലാണ് കുഞ്ഞിനെ കൊന്നത്. ബംഗളുരുവിലെ സൊളദേവനഹള്ളിയിലാണ് സംഭവം. പലഹാരകച്ചവടക്കാരനായ ബസവരാജിന്റെ മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ടത്. 

ബഗല്‍ക്കോട്ടയില്‍നിന്നുള്ള കൗമാരക്കാരനാണ് പ്രതിയെന്നും ഇയാള്‍ വീട്ടില്‍ പ്രാവുകളെ വളര്‍ത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച പ്രാവുകളിലൊന്ന് റോഡിലിരിക്കുന്നത് പ്രതിയായ കുട്ടി കാണുകയും അതിനെ പിടിക്കാന്‍ ഒപ്പം ഓടുകയുമായിരുന്നു. ഇതിനിടെ അറിയാതെ രണ്ട് വയസ്സുകാരന്‍ വന്ന് പെട്ടു. കുട്ടി തടസ്സമായതോടെ പ്രതിയ്ക്ക് പ്രാവിനെ പിടിക്കാന്‍ ഒപ്പമെത്താനാകാതെ വരികയും പ്രാവ് പറന്ന് പോകുകയും ചെയ്തു. 

പ്രാവ് നഷ്ടപ്പെട്ടതില്‍ ക്ഷുഭിതനായ 14കാരന്‍ കുഞ്ഞിനെ എടുത്ത് തൊട്ടടുത്തുള്ള പ്ലാന്റേഷനില്‍ എത്തുകയും അവിടെ വച്ച് നിലത്തേക്കെറിഞ്ഞ കുഞ്ഞിനെ ചവിട്ടി കൊല്ലുകയുമായിരുന്നു. കുഞ്ഞിനെ കാണാതെ ബസവരാജും കുടുംബവും അന്വേഷിച്ചപ്പോഴാണ് പ്ലാന്റേഷനില്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. 

കുട്ടിയെ അവസാനമായി 14കാരനൊപ്പം കണ്ടെന്ന അയല്‍വാസികളുടെ മൊഴിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രാവിനെ ചൊല്ലി ബസവരാജിന്റെ കുടുംബവുമായി 14കാരന്റെ കുടുംബവും തമ്മില്‍ സംഭവം നടക്കുന്നതിന് മുമ്പുകൂടി വഴക്കുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. പ്രാവാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.