സഹോദരനെ കൊന്ന പ്രതികള്‍ സാക്ഷിയായ അനിയനെ വെടിവച്ച് കൊന്നു

സൊനപത്: അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് സഹോദരനെ കൊന്ന അതേ ആള്‍ 18 വയസ്സുകാരനെ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് വെടിവച്ച് കൊന്നു. പത്താം ക്ലാസ് പരീക്ഷയെഴുതാനെത്തിയ സഹോദരിയെ കൂട്ടിക്കൊണ്ടുപോകാന്‍ സ്‌കൂളിലെത്തിയ രാജേഷ് സിംഗ് മൈതാനത്ത് കാത്തു നില്‍ക്കുന്നതിനിടയിലാണ് കൊലപാതകം. വൈറ്റ് സെഡാനിലെത്തിയ നാല് പേര്‍ രാജേഷിന് നേരെ 10 തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഹരിയാനയിലെ സൊനപതിലാണ് സംഭവം. 

രാജേഷിന്റെ സുഹൃത്ത് സാവന്‍ കുമാര്‍ തൊട്ടടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇയാളുടെ വയറില്‍ വെടിയുണ്ട തറച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ഇയാളുടെ നില ഗുരുതരമല്ല. പരീക്ഷ നടക്കുന്ന സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന എസ് ഐ സുബാഷ് ചന്ദര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. 

സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആക്രമികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. രാജേഷിന്റെ മൂത്ത സഹോദരന്‍ രാകേഷിനെ 2017 ഒക്ടോബറില്‍ കൊലപ്പെടുത്തിയവര്‍തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ഇതുവരെയും പൊലീസിന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

രകേഷിന്റെ കൊലപതകത്തിന്റെ സാക്ഷിയായിരുന്നു രാജേഷ്. രാകേഷിനെ കൊന്നവരില്‍ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ രാജേഷിനെ കൊന്നവരില്‍ തിരിച്ചറിഞ്ഞ സീതയും പവനും ഒളിവിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാകേഷിന്റെ കൊലപാതകത്തില്‍ പ്രതികളെ കണ്ടെത്തി നടപടി സ്വീകരിക്കാത്തതാണ് തന്റെ രണ്ടാമത്തെ മകന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് രാജേഷിന്റെ കുടുംബം റോഹ്തക് പാനിപത് ദേശീയപാത ഉപരോധിച്ചു.