ഭുബനേശ്വര്‍: പീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഒഡീഷയില്‍ 19കാരി ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍നിന്ന് ചാടി.ശനിയാഴ്ച വൈകീട്ടോടെയാണ് ആംബുലന്‍സിനുള്ളില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആംബുലന്‍സില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഒഡീഷയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അസുഖബാധിതയായ സഹോദരിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം വീട്ടിലേക്ക് തിരിച്ചുവരികെയാണ് പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടായത്. പെണ്‍കുട്ടിയ്‌ക്കൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്യുകയായിരുന്ന ഡ്രൈവര്‍ ആക്രമണത്തിന് മുതിരുകയായിരുന്നു. പീഡനത്തില്‍നിന്ന് രക്ഷേനേടാന്‍ പെണ്‍കുട്ടി ഫുലപാഡ സ്‌ക്വയറില്‍ വച്ച് ആംബുലന്‍സില്‍നിന്ന് ചാടി.

യാത്രാ മധ്യേ ആംബുലന്‍സ് ഡ്രൈവര്‍ തന്നെ തുറിച്ച് നോക്കുകയും മദ്യം കഴിക്കുകയും ചെയ്‌തെന്നും തുടര്‍ന്ന് അയാള്‍ തന്റെ ശരീരത്തില്‍ കൈവച്ചുവെന്നും പെണ്‍കുട്ടി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ  നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ക്ഷുഭിതരായ നാട്ടുകാര്‍ ചെല്ലിയപാഡ സ്‌ക്വയറില്‍വച്ച് ആംബുലന്‍സ് പിടികൂടുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.