മറ്റൊരാള്‍ക്ക് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല മൂന്നു തവണ വെടിയേറ്റ പതിനേഴുകാരന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു

പെന്‍സില്‍വാനിയ: വാഹനപരിശോധനയ്ക്കിടെ കാറില്‍ നിന്ന് ഇറങ്ങിയോടിയ പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് വാഹന പരിശോധന നടത്തുമ്പോള്‍ നിര്‍ത്താതെ പോയ വാഹനം പൊലീസുകാര്‍ തടയുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ഡ്രവറോട് പൊലീസ് ആവശ്യപെട്ടപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന യുവാവ് ഇറങ്ങിയോടുകയായിരുന്നു. 

പതിനേഴുകാരനായ ആന്റണ്‍ റോസ് ജീനിയറാണ് കൊല്ലപ്പെട്ടത്. വാഹനപരിശോധനയ്ക്കിടെ എഞ്ചിന്‍ ഓഫ് ചെയ്യാതിരുന്ന വാഹനത്തിലെ ഡ്രൈവറോട് പൊലീസ് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിലാണ് കാറില്‍ ഉണ്ടായിരുന്ന പതിനേഴുകാരന്‍ ഇറങ്ങിയോടിയത്. അന്റണ്‍ റോസിനൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വെടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല.

ഇരുപത് വയസുകാരന്‍ ഓടിച്ച കാറില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെടുത്തെന്ന് പൊലീസ് പിന്നീട് വിശദമാക്കി. മൂന്നുതവണ ഇയാളുടെ ശരീരത്തില്‍ വെടിയേറ്റിട്ടുണ്ടെന്ന് അധികൃതര്‍ വിശദമാക്കി. സാധാരണ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ വസ്ത്രത്തില്‍ ക്യാമറ ഉണ്ടാകാറുണ്ടെങ്കിലും പതിനേഴുകാരനെ വെടിവച്ച സംഭവത്തില്‍ പൊലീസുകാരുടെ പക്കല്‍ ക്യാമറ ഇല്ലാതിരുന്നത് സംഭവത്തിലെ ദുരൂഹതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. 

വെടിയേല്‍ക്കുന്ന സമയത്ത് ആന്റണ്‍ റോസിന്റെ കൈവശം ആയുധങ്ങള്‍ ഇല്ലായിരുന്നെന്ന് റോസിന്റെ കുടുംബം പറയുന്നു. വെടിവയ്പില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വെടിവയ്പ് നടന്നതിന് സമീപമുണ്ടായിരുന്ന വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വെടിവയ്പിന്റെ വിശദാംശങ്ങള്‍ പുറത്താവുന്നത്.