ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കുട്ടികളില്‍നിന്ന് ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് പിടിച്ചെടുത്തിരുന്നു

പാറ്റ്ന: ജുവനൈല്‍ ഹോമിലെ അന്തേവാസികളായ അഞ്ചംഗ സംഘം വാര്‍ഡനെയും 17 കാരനായ അന്തേവാസിയെയും വെടിവച്ച് കൊന്ന് രക്ഷപ്പെട്ടു. ബീഹാറിലെ പര്‍ണിയ ടൗണിലാണ് സംഭവം. രക്ഷപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ ജനതാദള്‍ പ്രാദേശികന നേതാവിന്‍റെ മകനാണ്. മറ്റൊരാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കുട്ടികള്‍ക്ക് എങ്ങനെ തോക്ക് കിട്ടിയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

ജുവനൈല്‍ ഹോമില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കുട്ടികളില്‍നിന്ന് ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് പിടിച്ചെടുത്തിരുന്നു. ലഹരിയ്ക്ക് വേണ്ടി ഇവര്‍ ഈ മരുന്ന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടികള്‍ക്ക് വാര്‍ഡനോട് പകയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ച വാര്‍ഡന്‍ അഞ്ച് പേരെയും മറ്റൊരിടത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിന് അംഗീകാരം ലഭിച്ചത് ബുധനാഴ്ചയാണ്. അഞ്ചംഗ സംഘം ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും അത് എവിടെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയ അന്തേവാസിയാണ് വാര്‍ഡനൊപ്പം കൊല്ലപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.