ബിജെപിയെ താഴെയിറക്കാൻ ബീഹാറിലെ പോലെ ഉത്തർപ്രദേശിലും ഒരു സഖ്യം വേണമെന്ന് തന്റെ പിതാവ് ലാലുപ്രസാദ് യാദവ് എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു.
ലക്നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിയെ നേരിടാൻ സഖ്യം രൂപീകരിച്ച എസ്പിക്കും ബിഎസ്പിക്കും പിന്തുണയറിയിച്ച് തേജസ്വി യാദവ്. തെരഞ്ഞെടുപ്പിൽ യുപിയിൽ നിന്നും ബീഹാറിൽ നിന്നും ബിജെപി പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും തേജസ്വി പറഞ്ഞു. എസ്പി-ബിഎസ്പി സഖ്യത്തിനുശേഷം മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അംബേദ്കറുണ്ടാക്കിയ ഭരണഘടനയെ തകർത്തെറിഞ്ഞ് 'നാഗ്പൂർ നിയമങ്ങൾ' നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനിടെയാണ് എസ്പി-ബിഎസ്പി സംഖ്യമുണ്ടായിരിക്കുന്നത്. മായാവതിയുടെയും അഖിലേഷിന്റെയും തീരുമാനം ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. യുപിയിൽ ബിജെപിക്ക് ഒരു സീറ്റുപോലും കിട്ടില്ല'-തേജസ്വി യാദവ് പറഞ്ഞു.
ബിജെപിയെ താഴെയിറക്കാൻ ബീഹാറിലെ പോലെ ഉത്തർപ്രദേശിലും ഒരു സഖ്യം വേണമെന്ന് തന്റെ പിതാവ് ലാലുപ്രസാദ് യാദവ് എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു. ബീഹാറില്‍ ആര്‍ജെഡിയും ജെഡിയുവും ചേര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയിരുന്നത്. പിന്നീട് നിതീഷ് കുമാർ സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കുകയായിരുന്നുവെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
