കാലാവധി തികയ്ക്കാതെ തെലങ്കാന  നിയമസഭ പിരിച്ചുവിടുമെന്ന പ്രഖ്യാപനങ്ങളൊന്നുംതന്നെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു യോ​ഗത്തിൽ നടത്തിയില്ല. അതേസമയം വന്‍ജനാവലിയെ പങ്കെടുപ്പിച്ച് നാല് മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

ഹൈദരബാദ്: തെലങ്കാനയിൽ ചന്ദ്രശേഖര റാവു മന്ത്രിസഭയുടെ നിർണായക യോഗം അവസാനിച്ചു. കാലാവധി തികയ്ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്ന പ്രഖ്യാപനങ്ങളൊന്നുംതന്നെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു യോ​ഗത്തിൽ നടത്തിയില്ല. അതേസമയം വന്‍ജനാവലിയെ പങ്കെടുപ്പിച്ച് നാല് മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

രംഗറെഡ്ഡി ജില്ലയില്‍ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ നിരവധി ജനപ്രിയ തീരുമാനങ്ങള്‍ യോഗത്തില്‍ മന്ത്രി എടുത്തതായി റിപ്പോർട്ടുകളുണ്ട്. യോ​ഗവുമായി ബന്ധപ്പെട്ട് മറ്റ് തീരുമാനങ്ങൾ എടുക്കുന്നതിനായി മറ്റൊരു മന്ത്രിസഭ യോ​ഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി കാന്ദിം ശ്രീഹരി മാധ്യമങ്ങളോട് പറഞ്ഞു. 

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2019 മെയ് വരെ ടിആര്‍എസ് സര്‍ക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സപ്തംബര്‍ രണ്ട് തെലങ്കാന തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിന്റെ നാലാം വാര്‍ഷികമാണ്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വച്ച് വീണ്ടും ജയിച്ചുവരാമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.