ഹൈദരാബാദ്: നിയമസഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങുന്ന തെലങ്കാനയിൽ കോൺഗ്രസ്‌ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 65 പേരടങ്ങിയ പട്ടികയിൽ പ്രമുഖ നേതാക്കൾക്ക് ഇടം കിട്ടി. സംസ്ഥാന അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഢി ഹുസൂർ നഗറിൽ ജനവിധി തേടും. നാഗാർജുന സാഗറിലാണ് നിയമസഭ കക്ഷി നേതാവ് ജാന റെഡ്ഢി മത്സരിക്കുക. 

മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന് എതിരെ ഗജ്‌വെലിൽ വി പ്രതാപ റെഡ്ഢി മത്സരിക്കും. ഇവിടെ മഹാസഖ്യത്തിന്റെ പൊതു സ്ഥാനാർത്ഥിയായി വിപ്ലവഗായകൻ ഗദ്ദർ വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നവംബർ 20 ആണ് പത്രിക നൽകേണ്ട അവസാന തീയ്യതി. അതേ സമയം മഹാസഖ്യത്തിൽ സിപിഐ ഇപ്പോഴും കൂടുതൽ സീറ്റ് ആവശ്യപ്പെടുകയാണ്. 4 സീറ്റില്ലെങ്കിൽ മത്സരിക്കാൻ ഇല്ല എന്നാണ് പാർട്ടി നിലപാട്. ഒരു സീറ്റ് സിപിഐക്ക് വിട്ടുനൽകാൻ സിപിഎം തയ്യാറായേക്കും. ഡിസംബർ 7 നാണു തെലങ്കാനയിൽ വോട്ടെടുപ്പ്.