സ്ത്രീക്ക് തെലുങ്കാന പാർട്ടി നേതാവിന്റെ ക്രൂര മർദ്ദനം നേതാവിനെതിരെ പൊലീസ് കേസെടുത്തു

ഹൈദരാബാദ്: തെലുങ്കാനയില്‍ ഭൂമി തർക്കത്തിനിടെ യുവതിക്ക് പാർട്ടി നേതാവിന്റെ ക്രൂര മർദ്ദനം. തെലുങ്കാനയിലെ നിസ്സാമാബാദ് ജില്ലയിലാണ് സംഭവം. തെലുങ്കാന രാഷ്ട്ര സമിതി(ടി.ആർ.എസ്) പരിഷത്ത് മണ്ഡൽ പ്രസിഡന്റ് ഇമ്മടി ഗോപിയാണ് സ്ത്രീയെ മർദ്ദിച്ചത്. ഖമ്മം ജില്ലയിലെ ഗൗരാരം സ്വദേശിനിയായ രജവ്വയ്ക്കാണ് മർദ്ദനമേറ്റത്. 

സ്ത്രീയും കുടുംബവും 10 മാസങ്ങൾക്ക് മുമ്പ് ഗോപിയില്‍ നിന്നും 33 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തു നൽകാൻ ഇയാള്‍ തയ്യാറായില്ല. സ്ഥലത്തിന് വില ഉയര്‍ത്തുകയും 50 ലക്ഷം രൂപ കൂടി നല്‍കിയാല്‍ മാത്രമെ ഉടമസ്ഥാവകാശം നല്‍കൂ എന്നുമായി ഇയാളുടെ നിലപാട്. 

ഇതേ തുടര്‍ന്ന്, സ്ത്രീയും കുടുംബവും നേതാവിന്‍റെ വീടിന് മുന്ന് പ്രതിഷേധിച്ചതാണ് കയ്യേറ്റത്തിലേക്ക് നയിച്ചത്. തർക്കത്തിനിടയിൽ വീട്ടമ്മയുടെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.