സൂര്യാപേട്ട് ജില്ലയിലാണ് സംഭവം മോഷണം ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച്
തെലങ്കാന: എത്രയും വേഗം വീട്ടിലെത്താൻ ഭാര്യ പറഞ്ഞാൽപ്പിന്നെ എന്ത് ചെയ്യും? കൺമുന്നിൽ കണ്ട പൊലീസ് ജീപ്പ് തട്ടിയെടുത്ത് ഭാര്യയുടെ അടുത്ത് ഓടിയെത്തി. തെലങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലാണ് സംഭവം. മുപ്പതുകാരനായ തിരുപ്പതി ലിംഗരാജു ആണ് സമയം കളയാതെ പൊലീസ് ജീപ്പുമെടുത്ത് ഭാര്യയുടെ അടുത്തെത്തിയത്. ഷോപ്പിംഗ് മാളിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്ന പൊലീസ് ജീപ്പിന്റെ ഡ്രൈവറെയും ഗൺമാനെയും കബളിപ്പിച്ചാണ് ലിംഗരാജു ജീപ്പ് തട്ടിയെടുത്തത്. എത്രയും പെട്ടെന്ന് ജീപ്പ് എത്തിക്കാൻ സിഐ പ്രവീൺ കുമാർ പറഞ്ഞെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിച്ചാണ് ഇയാൾ ജീപ്പ് മോഷ്ടിച്ചത്.
തെലങ്കാനയിലെ ആത്മകൂർ പൊലീസ് സ്റ്റേഷനിലെ വാഹനമായ റ്റിഎസ് 09പിഎ 1568 എന്ന വാഹനം സിഐ തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. മാളിൽ നിന്നിറങ്ങി പാർക്കിംഗ് സ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് പൊലീസുകാർ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായത്. കൺട്രോൾ റൂമിൽ വിവരമറിയിച്ച് അപ്പോൾ ത്തന്നെ വാഹനം തിരിച്ചെടുത്തു. ലിംഗരാജുവിനെതിരെ 379 വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലിംഗരാജുവിന് മാനസിക ബുദ്ധിമുട്ടുള്ളതായും പൊലീസ് പറഞ്ഞു.
