ബെംഗളൂരു: സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തിനെത്തുടര്‍ന്ന് യുഐഡിഎഐ പദ്ധതി ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി വിഛേദിച്ചു. കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറക്ടര്‍ എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ആധാറുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ മൊബൈല്‍ കമ്പനി താല്‍ക്കാലികമായി വിച്ഛേദിച്ചത്.

അഞ്ചു ദിവസം മുന്‍പ് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ചു സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നെന്നും എന്നിട്ടും ടെലകോം ഓപ്പറേറ്റര്‍ വിരലടയാളം നിര്‍ബന്ധമായി ആവശ്യപ്പെട്ടതാണ് മൊബൈല്‍ കമ്പനി കണക്ഷന്‍ വിച്ഛേദിച്ചതിനിടയാക്കിയതെന്ന് പ്രഭാകര്‍ പറഞ്ഞു. കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ തന്റെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് കമ്പനി പ്രഭാകറിനോട് ആവശ്യപ്പെട്ടത്. അതേസമയം, ആരുടെയും സിംകണക്ഷന്‍ തങ്ങള്‍ വിഛേദിച്ചിട്ടില്ലെന്ന് സര്‍വ്വീസ് പ്രൊവൈഡര്‍ പ്രതിനിധികള്‍ അറിയിച്ചു.

നിലവില്‍ മാര്‍ച്ച് 31 വരെ മൊബൈല്‍ കണഷനുകള്‍ ആധറുമായി ബന്ധിപ്പിക്കാതെ ഉപയോഗിക്കാന്‍ കഴിയും. അതിനുമുമ്പ് നിലവില്‍ ഉപയോഗത്തിലുള്ള എല്ലാ മൊബൈല്‍ സിം കാര്‍ഡുകളും ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും. ഇതിനായി ഇപ്പോള്‍ തന്നെ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അതനുസരിച്ച് കമ്പനികളുടെ ഓഫീസുകളുമായോ പ്രത്യേകം സജ്ജീകരിക്കുന്ന കൗണ്ടറുകളുമായോ ബന്ധപ്പെട്ട് കണക്ഷനുകള്‍ ആധാറുമായി ബന്ധിപ്പിക്കാം.