എൻഡിഎയിൽ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തെലുങ്കുദേശം പാർട്ടിയുടെ അടിയന്തര പാ‍ർലമെന്‍ററി പാർട്ടി യോഗം ഇന്ന് അമരാവതിയിൽ നടക്കും. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ അധ്യക്ഷതയിൽ രാവിലെ പത്ത് മണിക്കാണ് യോഗം. കേന്ദ്ര ബജറ്റിൽ ആന്ധ്രപ്രദേശിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻഡിഎ വിടുമെന്ന സൂചന ടിഡിപി നേതാക്കൾ നൽകിയിരുന്നു. ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് ചില എംപിമാർ രാജിക്കൊരുങ്ങിയ സാഹചര്യത്തിൽ കൂടിയാണ് യോഗം. എൻഡിഎയിൽ തുടർന്ന് ആന്ധ്രയ്ക്ക് പ്രത്യേക പദവി ഉൾപ്പെടെയുളള കാര്യങ്ങളിൽ സമ്മർദം ശക്തമാക്കണമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. കടുത്ത തീരുമാനങ്ങളിലേക്ക് ചന്ദ്രബാബു നായിഡു നീങ്ങില്ലെന്നാണ് സൂചന.