മുണ്ടക്കയം: ക്ഷേത്രത്തിലെ സ്റ്റോര്‍റൂമിൽ വച്ച് വിധവയായ 69-കാരിയെ പീഡിപ്പിച്ച ഇരുപതുകാരനായ ശാന്തിക്കാരനെ ഇടുക്കി പൊലീസ് അറസ്റ്റു ചെയ്തു. മുണ്ടക്കയം, കൂട്ടിക്കല്‍, മടുക്ക സ്വദേശി വള്ളിക്കാട്ടില്‍ വൈശാഖ് ആണ് പിടിയിലായത്. ഇടുക്കി വെള്ളാപ്പാറയിലാണ് സംഭവം.
ഫെബ്രുവരി 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടുക്കി വെള്ളാപ്പാറയ്ക്കടുത്ത് വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ കഴകമായ അറുപത്തിയൊൻപതു കാരിക്കാണ് ശാന്തിക്കാരന്റെ പീഡനത്തിനിരയാകേണ്ടി വന്നത്. ക്ഷേത്രത്തിലെ സ്ഥിരം പൂജാരി അവധി ആയതിനാല്‍ പകരക്കാരനായാണ് വൈശാഖ് ഇവിടെയെത്തിയത്. കാൽ വേദനക്ക് എണ്ണ പുരട്ടി നൽകാമെന്നു പറഞ്ഞാണ് വൈശാഖ് വൃദ്ധയെ ക്ഷേത്രത്തിനു പുറകിലത്തെ മുറിയിലേക്ക് വിളിപ്പിച്ചത്.
ഇവിടെ വച്ച് വൈശാഖ് ബലമായി പീഡിപ്പിച്ചതായാണ് പരാതി. വൃദ്ധ ബഹളമുണ്ടാക്കിയെങ്കിലും പ്രദേശത്ത് ആള്‍വാസമില്ലാത്തതിനാൽ ആരും രക്ഷക്കെത്തിയില്ല. വിവാദമാകുമെന്നതിനാൽ ഇവർ സംഭവം ആദ്യം പുറത്തു പറഞ്ഞില്ല. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി.
സംശയം തോന്നിയ ജീവനക്കാർ ആശുപത്രിയിൽ സ്ത്രീക്ഷേമത്തിനുവേണ്ടിയുള്ള ഭൂമിക പ്രവര്‍ത്തകരുടെ സഹായത്തോടെ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഭൂമിക പ്രവര്‍ത്തകർ ഇടുക്കി വനിതാ സെല്ലില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മുണ്ടക്കയത്തിനടുത്തുള്ള വീട്ടില്‍നിന്നാണ് ഇടുക്കി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻറു ചെയ്തു.
