അമ്മയുടെ ശസ്ത്രക്രിയ നടത്താനുള്ള ഓട്ടത്തിനിടെയാണ് സ്വാമിയെ കണ്ടാല്‍ സഹായം ലഭിക്കുമെന്ന് അറിഞ്ഞ് ക്ഷേത്രത്തിലെത്തിയത്. പണം നല്‍കാമെന്ന് പറഞ്ഞ നികുഞ്ജ് യുവതിയെ മുറിയില്‍ കൊണ്ട് വന്ന ശേഷം ബലാത്സംഗത്തിനിരയാക്കി
സൂറത്ത്: അമ്മയുടെ ചികിത്സ ആവശ്യത്തിന് സഹായം ചോദിച്ചെത്തിയ യുവതിയെ ക്ഷേത്രത്തില്‍ വച്ച് പൂജാരി ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ സൂറത്തില്‍ ദാബോളിയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ ദാബോളിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തിലെ പൂജാരിയായ നികുഞ്ജിനെ (കരണ്‍ സ്വരൂപ്ദാസ്- 24) പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമ്മയുടെ ശസ്ത്രക്രിയ നടത്തുന്നതിനായി സാമ്പത്തിക സഹായം ചോദിച്ചെത്തിയ ഇരുപതുകാരിയെ രണ്ട് വട്ടം ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഹൃദയ രോഗിയായി യുവതിയുടെ അച്ഛന് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല.
ഇതോടെ സാരിയില്‍ കല്ലൊട്ടിക്കുന്ന ജോലി ചെയ്യുന്ന അമ്മയുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോയിരുന്നത്. പക്ഷേ, വിരലില്‍ ഏറ്റ പൊട്ടലിനെ തുടര്‍ന്ന് അമ്മയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പട്ടിണിയിലായി.
അമ്മയുടെ ശസ്ത്രക്രിയ നടത്താനുള്ള ഓട്ടത്തിനിടെയാണ് സ്വാമിയെ കണ്ടാല്‍ സഹായം ലഭിക്കുമെന്ന് അറിഞ്ഞ് ക്ഷേത്രത്തിലെത്തിയത്. പണം നല്‍കാമെന്ന് പറഞ്ഞ നികുഞ്ജ് യുവതിയെ മുറിയില്‍ കൊണ്ട് വന്ന ശേഷം ബലാത്സംഗത്തിനിരയാക്കി.
ഇതിന് ശേഷം പണവും നല്‍കിയില്ല. അടുത്ത ദിവസം വന്നാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് വീണ്ടും യുവതിയെ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തതോടെ കുട്ടി രക്ഷിതാക്കളെ കാര്യങ്ങള്‍ അറിയിച്ചു. ഇതോടെയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
