നെയ്മര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. 

മോസ്‌കോ: ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യമത്സരത്തില്‍ നെയ്മര്‍ കളിച്ചത് പൂര്‍ണ കായികക്ഷമതയില്ലാതെ. ബ്രസീലിയന്‍ കോച്ച് ടിറ്റേ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെയ്മര്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സ്വതസിദ്ധമായ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. 

നേരത്തെ നെയ്മര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യം പോലും സംശയത്തിലായിരുന്നു. ഫ്രഞ്ച് ലീഗില്‍ മാഴ്‌സിലേയ്‌ക്കെതിരായ മത്സരത്തില്‍ പരുക്കറ്റേതിനെ തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു താരം. ലോകകപ്പിന് മുന്‍പ് ഓസ്ട്രിയ, ക്രൊയേഷ്യ എന്നിവര്‍ക്കെതിരേ നടന്ന സന്നാഹ മത്സരങ്ങളില്‍ സ്‌കോര്‍ ചെയ്യാനും നെയ്മര്‍ക്ക് സാധിച്ചിരുന്നില്ല. 

Scroll to load tweet…

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന് മുന്‍പാണ് കോച്ച് ടിറ്റേ ഇക്കാര്യം വെളിപ്പെടുത്തിയത്. നെയ്മര്‍ 100 ശതമാനം ഫിറ്റല്ല. എന്നാല്‍ ശാരീരിക തളര്‍ച്ചയില്ല. മാത്രമല്ല, സ്പ്രിന്റിങ് കപ്പാസിറ്റിയും വേഗവും മെച്ചപ്പെട്ടിട്ടുണ്ട്. അതിനര്‍ഥം 100 ശതമാനം കായിക ക്ഷമത കൈവരിച്ചുവെന്നല്ല. എന്നാല്‍ കളിക്കുമെന്ന് തന്നെയാണ് ടിറ്റേ പറഞ്ഞത്.

നെയ്മറുടെ പരിക്ക് സ്വിസ് താരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. പലപ്പോഴും ഗ്രൗണ്ടില്‍ നെയ്മര്‍ ഫൗളിന് ഇരയായിരുന്നു. 15 മിനിറ്റിനിടെ വലോന്‍ ബഹ്രാമി രണ്ട്് തവണ പിഎസ്ജി സ്‌ട്രൈക്കറെ ഫൗള്‍ ചെയ്തിരുന്നു. 96 മിനിറ്റിനിടെ 10 തവണ നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടു. സ്വിസ് താരങ്ങള്‍ നെയ്മറില്‍ കൂടുതല്‍ ശ്രദ്ധിച്ചതോടെയാണ് കുടിഞ്ഞോയ്ക്ക് ഗോള്‍ നേടാനും സാധിച്ചത്.