തിരുവനന്തപുരം: തിരുവല്ലത്ത് ഘോഷയാത്രക്കിടെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ 10 പേർ കസ്റ്റഡിയിൽ. എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാരെയാണ് സംഘം ആക്രമിച്ചത്.

തിരുവല്ലം ചുടുക്കാട് ക്ഷേത്രഘോഷയാത്രയ്ക്കിടെ നടന്ന സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന പോലീസുകാരെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. 

തിരുവല്ലം എസ്.ഐ ശിവകുമാര്‍, എസ്.എ.പിയിലെ പൊലീസുകാരായ ശ്യാം കുമാര്‍, വൈശാഖ്, ഷിബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേരുടെയും തലയ്ക്ക് ഏറും അടിയും കൊണ്ടുള്ള മുറിവുകളുണ്ട്. ഇവരെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈശാഖിന് തലയില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും എസ്.ഐ ശിവകുമാറിന് കാര്യമായ മര്‍ദ്ദനവും ഏറ്റിരുന്നു. സംഘര്‍ഷത്തിനിടെ പോലീസുകാരനായ ഷിബിയുടെ സ്വര്‍ണമാല മോഷണം പോയി. സംഘര്‍ഷത്തിനിടെ ആരോ മാല പൊട്ടിച്ച് കൊണ്ടുപോവുകയായിരുന്നു.