ഇന്നലെ രാവിലെ അമ്മയുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി അച്ചടക്ക നടപടി പിൻവലിച്ച് തന്നെ ക്ലാസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സ്കൂൾ അധികൃതർ നിലപാടിൽ ഉറച്ചുനിന്നു. അമ്മയോടൊപ്പം പോയ വിദ്യാർത്ഥി തിരിച്ചെത്തിയത് നാടൻ തോക്കുമായി
ലഖ്നൗ: സ്കൂളിൽ സ്ഥിരം പ്രശ്നക്കാരനായതോടെ വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസമാണ് സ്കൂളിൽ നിന്ന് പുറത്താക്കിയത്. മുൻപ് പഠിച്ചിരുന്ന സ്കൂളിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് 16 ദിവസം മുമ്പാണ് വിദ്യാർത്ഥി ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ സ്വകാര്യ സ്കൂളിൽ ചേർന്നത്.
പെട്ടെന്ന് ക്ഷുഭിതാനാവുന്ന 17കാരൻ മറ്റ് വിദ്യാർത്ഥികളെ ഉപദ്രവിച്ചിരുന്നതായി അധ്യാപകർ പറയുന്നു. ഇന്നലെ രാവിലെ അമ്മയുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി അച്ചടക്ക നടപടി പിൻവലിച്ച് തന്നെ ക്ലാസിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സ്കൂൾ അധികൃതർ നിലപാടിൽ ഉറച്ചുനിന്നു. അമ്മയോടൊപ്പം പോയ വിദ്യാർത്ഥി തിരിച്ചെത്തിയത് നാടൻ തോക്കുമായി.
ഓഫീസ് മുറിയിലേക്ക് ഓടിക്കയറിയ കുട്ടി പ്രിൻസിപ്പാളിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച പ്രിൻസിപ്പാളിന്റെ, തോളെല്ലിന് വെടിയേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപകൻ അപകട നില തരണം ചെയ്തു. വെടിവച്ച ശേഷം തോക്കുമായി ഒളിവിൽ പോയ വിദ്യാർത്ഥിയെ പൊലീസ് തെരയുകയാണ്. സ്കൂൾ അധികൃതരുടെ പരാതിയിൽ 17 കാരനെതിരെ കരുതിക്കൂട്ടിയുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
