ദില്ലി: കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ ചില തീവ്രവാദികള്‍ കേരളത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ വിദേശത്തു നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് സംഘടന ഇന്ത്യയില്‍ നിരോധിക്കണമെന്നും ജിഹാദിന്റെ പേരിലുള്ള തീവ്രവാദം അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളും സത്യസരണി പോലുള്ള സ്ഥാപനങ്ങളും നിരവധി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത്തരം സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി വേണം. കേരള സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ വിഷയം ഗൗരവത്തിലെടുക്കണം- മന്ത്രി കൂട്ടിച്ചേര്‍ത്തു.
