ബാഴ്‌സലോണ: സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് മരണം. ജനങ്ങള്‍ക്കിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ടുപേര്‍ കൊല്ലപ്പെട്ടതായും 32 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചു.എന്നാല്‍ 10ലധികം പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 പേരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആളുകള്‍ തിങ്ങിനിറഞ്ഞ തെരുവുകളില്‍ നിന്ന് സുരക്ഷാ സൈനികര്‍ ആളുകളെ ഒഴിപ്പിച്ചു വരികയാണ്.

ബാഴ്‌സലോണയിലെ വിനോദസഞ്ചാര മേഖലയായ ലാസ് റാംബ്ലാസിലാണ് ആക്രമണം. വാഹനമോടിച്ചിരുന്നയാള്‍ മനപൂര്‍വം ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോപ്യന്‍ നഗരങ്ങളായ നീസ്, ബെര്‍ലിന്‍, ലണ്ടന്‍, സ്റ്റോക്‌ഹോം എന്നിവിടങ്ങളില്‍ നടന്ന മാതൃകയിലാണ് ബാഴ്‌സലോണ ആക്രമണവും. സമീപത്തുള്ള മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം.